ന്യൂഡല്‍ഹി: ഹരിയാന തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് കോണ്‍ഗ്രസ്-ആം ആദ്മി പാര്‍ട്ടി സഖ്യ ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. ഇരുപാര്‍ട്ടികളും ചേര്‍ന്ന് സഖ്യം രൂപീകരിക്കാമെന്ന രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശം ആം ആദ്മി പാര്‍ട്ടി നേരത്തെ സ്വാഗതം ചെയ്തിരുന്നു. ആകെ മൊത്തം പത്ത് സീറ്റാണ് എഎപി സഖ്യത്തില്‍ നിന്ന് ആവശ്യപ്പെടുന്നത്. ഏഴ് സീറ്റ് വരെ നല്‍കാന്‍ കോണ്‍ഗ്രസ് തയ്യാറായിരുന്നു. കൂടുതല്‍ സമവായത്തിലെത്താന്‍ ആം ആദ്മി പാര്‍ട്ടി നേതാവ് രാഘവ് ഛദ്ദ കെ സി വേണുഗോപാലുമായി ചര്‍ച്ച നടത്തും.
രാഹുലിന്റെ നിര്‍ദേശത്തെ സ്വാഗതം ചെയ്യുന്നുവെന്ന് എ എപി എംപി സഞ്ജയ് സിങ് പറഞ്ഞു. ബിജെപിയെ പരാജയപ്പെടുത്തുന്നതിനാണ് പ്രഥമ പരിഗണന. ഹരിയാനയുടെ ചുമതലയുള്ള നേതാക്കളുമായി ചര്‍ച്ച ചെയ്ത് ഇക്കാര്യം തീരുമാനിക്കും. വിഷയം ചര്‍ച്ച ചെയ്ത് അന്തിമ തീരുമാനമാകുന്നതോടെ കെജ്രിവാളിനെ വിവരം അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.