ഡല്‍ഹിയില്‍ ചേരി സംരക്ഷണ നിയമം നടപ്പാക്കുന്നതിനും 675 ചേരികളെയും 20 ലക്ഷത്തോളം ജനങ്ങളെയും രക്ഷിക്കുന്നതിനുമായി ജന്തര്‍മന്തറില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ ഇന്ന് പ്രതിഷേധയോഗം നടത്തി. റിപ്പബ്ലിക്കന്‍ പാര്‍ട്ടി ദേശീയ സെക്രട്ടറി ജനറല്‍ ഡോ.രാജീവ്‌മേനോന്‍ യോഗത്തില്‍ മുഖ്യാതിഥിയായി. ഫക്രെ ആലം ഡല്‍ഹി പ്രസിഡന്റ്, അനില്‍ ഡല്‍ഹി വര്‍ക്കിംഗ് പ്രസിഡന്റ്, മഞ്ജു ചിബ്ബര്‍, ലക്ഷ്മി, സുനില്‍ കൂടാതെ അറുന്നൂറോളം അംഗങ്ങളും പങ്കെടുത്തു. ചേരികളിലെ വൈദ്യുതി, കുടിവെള്ളം, ഗതാഗതം, വിദ്യാഭ്യാസം, ആരോഗ്യം, ശുചിത്വം തുടങ്ങി ജനങ്ങളുടെ അടിസ്ഥാനസൗകര്യങ്ങള്‍ ഡല്‍ഹി സര്‍ക്കാര്‍ മെച്ചപ്പെടുത്തണമെന്ന് ഡോ.രാജീവ്മേനോന്‍ ആവശ്യപ്പെട്ടു.

രാജ്യതലസ്ഥാനമായ ഡല്‍ഹിയുടെ ദയനീയമായ ചിത്രങ്ങളാണ് ചേരികളെന്നും ഒന്നു നിവര്‍ന്നുനിന്നാല്‍ തല തട്ടുന്ന ഉയരത്തില്‍ മേല്‍ക്കൂരകളുള്ള അഞ്ചും പത്തും പേരടങ്ങുന്ന കുടുംബങ്ങള്‍ ഒന്നിച്ചു താമസിക്കുന്ന കൂരകളിലാണ് ലക്ഷക്കണക്കിന് ജനങ്ങള്‍ ജീവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭൂമിയുടെ അഭാവം, അനുചിതമായ പാര്‍പ്പിടം, അപര്യാപ്തമായ അടിസ്ഥാന സൗകര്യങ്ങള്‍, മോശം നിലവാരത്തിലുള്ള വിദ്യാഭ്യാസം, ശുചിത്വ സേവനങ്ങളുടെ അഭാവം, സുരക്ഷിതമല്ലാത്ത കുടിവെള്ളം തുടങ്ങി വളരെ മോശപ്പെട്ട ജീവിതസാഹചര്യങ്ങളിലൂടെയാണ് ചേരികളിലെ ജനങ്ങള്‍ മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
കുതുമ്പ്, വസന്തവിഹാര്‍ തുടങ്ങിയ ഏതാണ്ട് അഞ്ച് ചേരികളിലെ പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് പ്രക്ഷോഭം നടത്തിയത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് വന്ന് കൂടിയ ഏതാണ്ട് 20 ലക്ഷം വരുന്ന ജനങ്ങളുടെ പ്രശ്നങ്ങളില്‍ ഡല്‍ഹി ഗവണ്‍മെന്റ് ഇടപെടുന്നില്ലെന്ന് ഡോ.രാജീവ്മേനോന്‍ ചൂണ്ടിക്കാട്ടി. വലിയ ജനപങ്കാളിത്തത്തോട് കൂടിയാണ് യോഗം നടന്നത്. ഇത്തരത്തില്‍ ദുരിതമനുഭവിക്കുന്ന ചേരികളെ തുറന്നു കാട്ടിയായിരിക്കും സര്‍ക്കാറിനെതിരെ ശബ്ദമുയര്‍ത്തുക എന്നും ഡോ.രാജീവ്മേനോന്‍ പറഞ്ഞു. വരാന്‍ പോകുന്ന ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ 70 സീറ്റുകളിലും ആര്‍പിഐ ഒറ്റക്ക് മത്സരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.