ഡല്‍ഹി: രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡല്‍ഹി പോലീസ് അടുത്ത ആറ് ദിവസത്തേക്ക് തലസ്ഥാന നഗരത്തിലെ ഒന്നിലധികം സ്ഥലങ്ങളില്‍ ഭാരതീയ ന്യായ സന്‍ഹിതയുടെ (ബിഎന്‍എസ്) സെക്ഷന്‍ 163 നടപ്പിലാക്കി. സെപ്തംബര്‍ 30-ന് പ്രാബല്യത്തില്‍ വന്ന നിയന്ത്രണങ്ങള്‍ ഒക്ടോബര്‍ 5 വരെ തുടരും. ന്യൂ ഡല്‍ഹി, സെന്‍ട്രല്‍ ഡല്‍ഹി, നോര്‍ത്ത് ഡല്‍ഹി എന്നിവയും നഗരത്തിന്റെ അതിര്‍ത്തിയിലുള്ള എല്ലാ പ്രദേശങ്ങളും ബാധിക്കപ്പെട്ട പ്രദേശങ്ങളില്‍ ഉള്‍പ്പെടുന്നു.
ഈ കാലയളവില്‍, പ്രതിഷേധങ്ങളും പൊതുയോഗങ്ങളും നിരോധിച്ചിരിക്കുന്നു. കൂടാതെ ഏതെങ്കിലും തരത്തിലുള്ള ആയുധങ്ങള്‍ കൈവശം വയ്ക്കുന്നത് കര്‍ശനമായി നിരോധിച്ചിരിക്കുന്നുവെന്ന് ഡല്‍ഹി പോലീസ് കമ്മീഷണര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു. ആയുധങ്ങള്‍ കൈവശം വെയ്ക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാകും. നിരോധനാജ്ഞ ലംഘിക്കുന്നവര്‍ക്കെതിരെ ഭാരതീയ ന്യായ് സംഹിതയുടെ 223-ാം വകുപ്പ് പ്രകാരം നടപടിയുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.
നിര്‍ദിഷ്ട വഖഫ് ഭേദഗതി ബില്‍, സദര്‍ ബസാര്‍ മേഖലയിലെ ഷാഹി ഈദ്ഗാഹ് വിഷയം, ഹരിയാന, ജമ്മു കശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ കൈമാറിയ റിപ്പോര്‍ട്ടിലുള്ളതെന്നാണ് വിവരം. ഇതിന് പുറമേ ഡല്‍ഹി എം സി ഡി സ്റ്റാന്‍ഡിങ് കമ്മിറ്റിയിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിലും ഡല്‍ഹി സര്‍വകലാശാല യൂണിയന്‍ തിരഞ്ഞെടുപ്പിലും സംഘര്‍ഷമുണ്ടാകാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.