ബെംഗളൂരുവില്‍ നിര്‍മ്മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. കെട്ടിടത്തിലെ തൊഴിലാളിയായ ബിഹാര്‍ സ്വദേശിയായ ഹര്‍മാന്‍ (26), ത്രിപാല്‍ (35), മുഹമ്മദ് സഹില്‍ (19), സത്യ രാജു (25), ശങ്കര്‍ എന്നിവരാണ് മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ അകപ്പെട്ട 13 പേരെ രക്ഷപ്പെടുത്തി. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കൂടുതല്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിലയിരുത്തല്‍. ഇവര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. നിര്‍മ്മാണത്തിലിരുന്ന ഏഴ് നില കെട്ടിടമാണ് തകര്‍ന്നുവീണത്.
പരിക്കേറ്റവരില്‍ നാലുപേരെ ബംഗളൂരു നോര്‍ത്ത് ആശുപത്രിയിലും മറ്റ് അഞ്ച് പേരെ നഗരത്തിലെ ഹോസ്മാറ്റ് ആശുപത്രിയിലും പ്രവേശിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു. അഗ്‌നിശമനസേനയുടെയും അത്യാഹിത വിഭാഗത്തിന്റെയും രണ്ട് രക്ഷാ വാനുകള്‍ രക്ഷാപ്രവര്‍ത്തനത്തിനായി വിന്യസിച്ചിട്ടുണ്ട്.