ന്യൂഡല്‍ഹി: അന്തരിച്ച മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന് രാജ്യം ഇന്ന് വിട നല്‍കും. പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ രാവിലെ 11:45 ന് നിഗംബോധ്ഘട്ടില്‍ സംസ്‌കാര ചടങ്ങുകള്‍ നടക്കും. ഡല്‍ഹി മോത്തിലാല്‍ നെഹ്റു റോഡിലെ മൂന്നാം നമ്പര്‍ വസതിയില്‍ നിന്ന് രാവിലെ എട്ടുമണിയോടെ ഭൗതികശരീരം എഐസിസി ആസ്ഥാനത്തേക്ക് കൊണ്ടുപോയി. രാവിലെ 8.30 മുതല്‍ 9.30 വരെ എഐസിസി ആസ്ഥാനത്താണ് പൊതുദര്‍ശനം ക്രമീകരിച്ചത്. വിലാപയാത്രയായിട്ടായാണ് മൃതദേഹം സംസ്‌കാര സ്ഥലമായ നിഗംബോധ്ഘട്ടിലേക്ക് കൊണ്ടുപോകുക.
അതേ സമയം, ഡോ മന്‍മോഹന്‍സിങിന്റെ അന്ത്യവിശ്രമത്തിനായി രാജ്ഘട്ടിന് സമീപം പ്രത്യേക സ്ഥലം വേണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രധാന മന്ത്രിയെയും പ്രതിരോധ മന്ത്രിയെയും സമീപിച്ചിരുന്നു. കോണ്‍ഗ്രസിന്റെ ഈ ആവശ്യം പരിഗണിക്കാതെയാണ് നിഗം ബോധ് ഘട്ടില്‍ സംസ്‌കാര ചടങ്ങ് നിശ്ചയിച്ചിരിക്കുന്നത്. മന്‍ മോഹന്‍ സിംഗിനോടുള്ള ആദര സൂചകമായി ഇന്ന് ഉച്ചവരെ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്കും കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.