ഉത്തരാഖണ്ഡിൽ നിർമാണത്തിലിരുന്ന തുരങ്കം തകർന്ന് വീണു കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാൻ തായ്‌ലൻഡ്, നോർവെ എന്നിവിടങ്ങളിൽനിന്ന് വിദഗ്ധ സംഘം എത്തും. 2018ൽ തായ്‌ലൻഡിൽ ഗുഹയിൽ കുടുങ്ങിയ കുട്ടികളെ രക്ഷിച്ചവരും സംഘത്തിലുണ്ടാകും. ഉത്തരകാശിയിലെ ചാർ ധാം റൂട്ടിൽ ഞായറാഴ്ച രാവിലെയാണ് നിർമാണത്തിലിരുന്ന തുരങ്കം ഇടിഞ്ഞുവീണ് 40 തൊഴിലാളികൾ കുടുങ്ങിയത്. മൂന്ന് എയർ ഫോഴ്സ് വിമാനത്തിലായി 25 ടൺ ഭാരമുള്ള യന്ത്രം ഉൾപ്പെടെ എത്തിച്ചാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.
അതേസമയം, തുരങ്കത്തില്‍ കുടുങ്ങിയ 40 തൊഴിലാളികളെ രക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ സൈറ്റിലെ മണ്ണിടിച്ചിലിനെത്തുടര്‍ന്ന് തടസ്സപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. തൊഴിലാളികള്‍ സുരക്ഷിതരാണെന്നും ഓക്‌സിജന്‍, വൈദ്യുതി, മരുന്നുകള്‍, ഭക്ഷ്യവസ്തുക്കള്‍, വെള്ളം എന്നിവ പൈപ്പുകളിലൂടെ അവര്‍ക്ക് നിരന്തരം വിതരണം ചെയ്യുന്നുണ്ടെന്നും അവര്‍ പറഞ്ഞു. ഇടിഞ്ഞുവീണ മണ്ണിലൂടെ തുരങ്കമുണ്ടാക്കി 900 എംഎം വ്യാസമുള്ള പൈപ്പ് കടത്തിവിട്ട് ആളുകളെ പുറത്തെത്തിക്കാനാണ് ഇപ്പോൾ നീക്കം നടക്കുന്നത്. ഇതു സാധ്യമായാൽ നടന്നാൽ 12 മണിക്കൂർ കൊണ്ട് കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാമെന്നാണ് കരുതുന്നത്.