ഉത്തർപ്രദേശിൽ അതിജീവിതയെ നടുറോഡിൽ വെട്ടിക്കൊന്ന് ബലാത്സംഗക്കേസിലെ പ്രതി. ബലാത്സംഗക്കേസിൽ പ്രതിയായ പവൻ നിഷാദ് അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്. സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചെന്ന് എസ്.പി അറിയിച്ചു. 3 വർഷം മുമ്പ് പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ മുഖ്യ പ്രതിയാണ് പവൻ നിഷാദ്. ഇയാളുടെ സഹോദരനായ അശോകും ആക്രമണത്തിലുണ്ടായിരുന്നു.
കൗശാംബി ജില്ലയിലെ മഹെവാഘട്ടിനടുത്തുള്ള ധേർഹ ഗ്രാമത്തിൽ ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. വയലിൽ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു പെൺകുട്ടിയും കുടുംബവും. വഴിയിൽ മാരകായുധങ്ങളുമായി കാത്തുനിന്ന രണ്ടുപേർ ഇവരെ ആക്രമിക്കുകയും ആളുകൾ നോക്കി നിൽക്കെ നടുറോഡിൽ ഇവർ പെൺകുട്ടിയെ കോടാലി കൊണ്ട് വെട്ടിപ്പരുക്കേൽപ്പിക്കുകയുമായിരുന്നു. യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പീഡന പരാതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ കുടുംബത്തെ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ പരാതി പിൻവലിക്കാത്തതിനെ തുടർന്നുള്ള വെെരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്.