പൂനെ: പിറന്നാള്‍ ആഘോഷിക്കാന്‍ ദുബായിലേക്ക് കൊണ്ടുപോകാത്തതില്‍ മനംനൊന്ത് ഭാര്യ മുഖത്ത് മര്‍ദിച്ചതിനെ തുടര്‍ന്ന് മഹാരാഷ്ട്രയിലെ പൂനെ നഗരത്തില്‍ 38 കാരന്‍ മരിച്ചു. വന്‍വാടി പ്രദേശത്താണ് സംഭവം. മരിച്ച നിഖില്‍ ഖന്ന ഒരു റിയല്‍ എസ്റ്റേറ്റ് ഡെവലപ്പറാണെന്ന് പോലീസ് പറഞ്ഞു.
36 കാരിയായ ഭാര്യ രേണുകയുടെ ജന്മദിനം ദുബായില്‍ ആഘോഷിക്കണമെന്ന് ഭാര്യ ആവശ്യപ്പെട്ടിരുന്നു. പക്ഷേ ഭര്‍ത്താവ് അവരുടെ ആവശ്യം നിറവേറ്റിയില്ല. ഈ വിഷയത്തില്‍ വെള്ളിയാഴ്ച ദമ്പതികള്‍ തമ്മില്‍ രൂക്ഷമായ തര്‍ക്കമുണ്ടായിരുന്നു. ദേഷ്യത്തില്‍ സ്ത്രീ തന്റെ ഭര്‍ത്താവിന്റെ മൂക്കില്‍ അടിച്ചു. അത് അമിത രക്തസ്രാവത്തിലേക്ക് നയിച്ചു. തുടര്‍ന്ന് അയാള്‍ ബോധരഹിതനായി വീഴുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അയല്‍വാസികള്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് സംഘം സ്ഥലത്തെത്തി ഇരയെ സാസൂണ്‍ ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. യുവതി തന്റെ മുഷ്ടി ഉപയോഗിച്ചാണോ അതോ എന്തെങ്കിലും വസ്തു ഉപയോഗിച്ചാണോ ഭര്‍ത്താവിനെ മര്‍ദിച്ചതെന്ന് പരിശോധിച്ചുവരികയാണെന്നും പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ മരണകാരണം കൃത്യമായി വ്യക്തമാകൂവെന്നും പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. യുവതിയെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നും കേസില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.