വിവാഹ ചടങ്ങിൽ പങ്കെടുക്കുന്നതിനിടെ മകന്റെ ഭാര്യാപിതാവിൻ്റെ വെടിയേറ്റ് 55 കാരൻ കൊല്ലപ്പെട്ടു. ഉത്തർപ്രദേശിലെ നോയിഡയിലാണ് സംഭവം. ചടങ്ങിനിടയിലുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
തിങ്കളാഴ്ച രാത്രിയാണ് വെടിവയ്പ്പ് ഉണ്ടായത്. ഹോഷിയാർപൂർ സ്വദേശി അശോക് യാദവാണ് മരിച്ചത്. മകൻ്റെ ഭാര്യാപിതാവ് ശേഖർ യാദവാണ് അശോകിനെ വെടിവെച്ചത്. കുറച്ച് വർഷങ്ങൾക്ക് മുമ്പ് അശോകന്റെ മകൻ ശേഖറിന്റെ മകളെ വിവാഹം കഴിച്ചിരുന്നു. എന്നാൽ, ദമ്പതികളുടെ ദാമ്പത്യം സന്തോഷകരമായിരുന്നില്ല.
വിവാഹമോചനത്തിന്റെ വക്കിലെത്തിയ ബന്ധത്തെച്ചൊല്ലി ഇരുവരുടെയും കുടുംബങ്ങൾ തമ്മിൽ വഴക്ക് പതിവായിരുന്നു. തിങ്കളാഴ്ച രാത്രി ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കുന്നതിനിടെ അശോകും ശേഖറും തമ്മിൽ വഴക്കുണ്ടായി. ഇതിനിടെ ശേഖർ വെടിയുതിർക്കുകയായിരുന്നു.
വെടിയേറ്റ അശോകിനെ ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.