സൂറത്ത്: ഗുജറാത്തിലെ സൂറത്ത് നഗരത്തിലെ രാസവസ്തു നിര്‍മാണ കേന്ദ്രത്തില്‍ വന്‍ തീപിടിത്തമുണ്ടായതിന് ഒരു ദിവസത്തിന് ശേഷം, കാണാതായ ഏഴ് തൊഴിലാളികളുടെ മൃതദേഹം വ്യാഴാഴ്ച പുലര്‍ച്ചെ പരിസരത്ത് നിന്ന് കണ്ടെടുത്തതായി അധികൃതര്‍ അറിയിച്ചു.
നഗരത്തിലെ സച്ചിന്‍ വ്യാവസായിക മേഖലയിലുള്ള ഈതര്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ കെമിക്കല്‍ നിര്‍മാണ യൂണിറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഏഴു പേരില്‍ ഒരാള്‍ കമ്പനിയിലെ ജീവനക്കാരനും ആറു പേര്‍ കരാറില്‍ ജോലി ചെയ്യുന്നവരുമാണെന്ന് സൂറത്ത് കലക്ടര്‍ ആയുഷ് ഓക്ക് പറഞ്ഞു. 15ഓളം അഗ്‌നിശമന സേനാ യൂണിറ്റുകള്‍ ചേര്‍ന്ന് ഒമ്പത് മണിക്കൂറോളം പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
ദിവ്യേഷ് പട്ടേല്‍ (കമ്പനി ജീവനക്കാരന്‍), സന്തോഷ് വിശ്വകര്‍മ, സനത് കുമാര്‍ മിശ്ര, ധര്‍മേന്ദ്ര കുമാര്‍, ഗണേഷ് പ്രസാദ്, സുനില്‍ കുമാര്‍, അഭിഷേക് സിംഗ് എന്നിവരാണ് മരിച്ചത്. ഏകദേശം 25 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടില്‍ പറയുന്നു.