ദില്ലി: രാജസ്ഥാന്, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ മൂന്ന് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ച 12 ഭാരതീയ ജനതാ പാര്‍ട്ടി പാര്‍ലമെന്റ് അംഗങ്ങളില്‍ പത്ത് എംപിമാര്‍ ബുധനാഴ്ച തങ്ങളുടെ ലോക്സഭാ സീറ്റുകളില്‍ നിന്ന് രാജിവച്ചു. ഇതില്‍ കേന്ദ്ര മന്ത്രി രേണുക സിങ്, മഹന്ത് ബാലകാന്ത് എന്നിവര്‍ രാജിവെച്ചിട്ടില്ല. ഇവരും വൈകാതെ രാജിവയ്ക്കും. ബിജെപി അധ്യക്ഷന്‍ ജെപി നദ്ദയുടെ നേതൃത്വത്തില്‍ എംപിമാരുടെ പ്രതിനിധി സംഘം സ്പീക്കറെ കണ്ട് രാജി സമര്‍പ്പിച്ചു.
സ്പീക്കറെ കണ്ടവരില്‍ മധ്യപ്രദേശില്‍ നിന്നുള്ള നരേന്ദ്ര തോമര്‍, പ്രഹ്ലാദ് പട്ടേല്‍, റിതി പഥക്, രാകേഷ് സിംഗ്, ഉദയ് പ്രതാപ് സിംഗ് എന്നിവരും ഉള്‍പ്പെടുന്നു. രാജസ്ഥാനില്‍ നിന്നുള്ള എംപിമാരില്‍ രാജ്യവര്‍ധന്‍ റാത്തോഡ്, കിരോഡി ലാല്‍ മീണ, ദിയാ കുമാരി എന്നിവരും ഛത്തീസ്ഗഢില്‍ നിന്നുള്ള അരുണ്‍ സാവോ, ഗോമതി സായി എന്നിവരും രാജി സമര്‍പ്പിച്ചു. കേന്ദ്ര മന്ത്രിമാര്‍ ഉള്‍പ്പെടെ രാജിവെച്ച സാഹചര്യത്തില്‍ കേന്ദ്ര മന്ത്രിസഭയില്‍ പെട്ടെന്ന് തന്നെ അഴിച്ചുപണിയുണ്ടാകുമെന്നാണ് സൂചന. കൂടാതെ, രാജിവെച്ച എംപിമാര്‍ക്ക് സംസ്ഥാനങ്ങളില്‍ നിര്‍ണായക ചുമതലകള്‍ നല്‍കിയേക്കും.