പാര്‍ലമെന്റ് സുരക്ഷാ വീഴ്ചയില്‍ യുഎപിഎ ചുമത്തി ഡല്‍ഹി പൊലീസ്. അതേസമയം, പാർലമെന്റിൽ പ്രതിഷേധ പ്രകടനം നടത്തിയവരിൽ ഒരാൾ വര്‍ഷകാല സമ്മേളനത്തിനിടെ ഡല്‍ഹിയില്‍ സന്ദര്‍ശനം നടത്തിയിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതിഷേധത്തിനായുള്ള മുന്നൊരുക്കങ്ങൾ പ്രതികൾ കഴിഞ്ഞ ജനുവരി മുതല്‍ തന്നെ ആസൂത്രണം ചെയ്തുതുടങ്ങിയിരുന്നെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ക്രിമിനല്‍ ഗൂഢാലോചന, അതിക്രമം, യുഎപിഎയുടെ 16, 18 വകുപ്പുകള്‍ എന്നിവയാണ് ഡല്‍ഹി പൊലീസ് പ്രതികള്‍ക്കെതിരെ ചുമത്തിയത്.
ഡിസംബര്‍ 14ന് കൃത്യം നടത്താന്‍ ആയിരുന്നു ആറ് അംഗ സംഘം പദ്ധതിയിട്ടത്. എന്നാല്‍ സന്ദര്‍ശക പാസ് നല്‍കിയതിലെ പിഴവാണ് ഡിസംബർ 13ലേക്ക് കൃത്യം നടത്താൻ പ്രതികളെ പ്രേരിപ്പിച്ചത്.
പാര്‍ലമെന്റില്‍ സുരക്ഷാ വീഴ്ചയുണ്ടായ സാഹചര്യത്തില്‍ കൂടുതല്‍ ക്രമീകരണങ്ങളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. എംപിമാരെ പ്രത്യേക ഗേറ്റിലൂടെ കടത്തിവിടാനാണ് പുതിയ തീരുമാനം. കൂടാതെ മാധ്യമ പ്രവര്‍ത്തകര്‍ക്കും, പാര്‍ലമെന്റ് ജീവനക്കാര്‍ക്കും പ്രത്യേക ഗേറ്റ് ഒരുക്കാനും തീരുമാനമായി. സന്ദര്‍ശക ഗാലറിയില്‍ ഗ്ലാസ് മറ സജ്ജമാക്കും സന്ദര്‍ശക പാസ് അനുവധിക്കുന്നതില്‍ താല്‍ക്കാലിക നിയന്ത്രണവും ഏര്‍പ്പെടുത്തും. ഇതിനു പുറമേ എയര്‍പോര്‍ട്ടിലേതിന് സമാനമായ ബോഡി സ്‌കാനിംങ് യന്ത്രവും സ്ഥാപിക്കും.