ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ നടന്ന അക്രമണത്തിനു പിന്നില്‍ വിലക്കയറ്റവും തൊഴിലില്ലായ്മയുമാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ന്യൂഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ നേതാക്കളുമായുള്ള തിരഞ്ഞെടുപ്പ് തയ്യാറെടുപ്പ് യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ചയെ കുറിച്ച് സംസാരിക്കുകയും എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയങ്ങള്‍ കാരണം യുവാക്കള്‍ക്ക് ജോലി ലഭിക്കുന്നില്ലെന്നും രാഹുല്‍ പറഞ്ഞു.
പാര്‍ലമെന്റില്‍ സുരക്ഷാവീഴ്ച ഉണ്ടായിട്ടുണ്ട്. പക്ഷെ എന്തുകൊണ്ട് അത് സംഭവിച്ചു? എന്നതായിരുന്നു രാഹുല്‍ ഗാന്ധിയുടെ ചോദ്യം. രാജ്യത്തെ ഏറ്റവും വലിയ പ്രശ്നം തൊഴിലില്ലായ്മയാണ്, അത് രാജ്യത്തുടനീളം തിളച്ചുമറിയുകയാണ്, മോദി ജിയുടെ നയങ്ങള്‍ കാരണം രാജ്യത്തെ യുവാക്കള്‍ക്ക് തൊഴില്‍ ലഭിക്കുന്നില്ലെന്നും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു.
സുരക്ഷാവീഴ്ചയില്‍ പ്രതിപക്ഷം സര്‍ക്കാരിനോട് ഉത്തരം തേടുകയും വിഷയത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ പ്രസ്താവന നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ആവശ്യത്തിന് സമ്മര്‍ദ്ദം ചെലുത്താന്‍ അവര്‍ ഇരുസഭകളിലെയും നടപടികള്‍ തടസ്സപ്പെടുത്തുകയും ചെയ്തു.