കൊച്ചി: സിറോ മലബാര്‍ സഭയുടെ ആസ്ഥാനം സന്ദര്‍ശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍.
എന്‍ഡിഎയുടെ സ്‌നേഹയാത്രയുടെ ഭാഗമായി കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരിയുമായി സുരേന്ദ്രന്‍ കൂടിക്കാഴ്ച നടത്തി. ഇന്ന് മുതല്‍ സ്‌നേഹയാത്ര ആരംഭിക്കുകയാണെന്ന് ജോര്‍ജ്ജ് ആലഞ്ചേരിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സുരേന്ദ്രന്‍ വ്യക്തമാക്കി.
സ്‌നേഹയാത്ര നടക്കുന്നത് പ്രധാനമന്ത്രിയുടെ സന്ദേശവുമായാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു. എന്നാല്‍ സ്‌നേഹയാത്രയില്‍ രാഷ്ട്രീയമില്ലെന്നും ക്രിസ്തുമസ് ആശംസകള്‍ എല്ലാവീടുകളിലും അറിയിക്കുക എന്നത് മാത്രമാണ് ലക്ഷ്യമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
സാമൂഹ്യ സമരസത, പരസ്പര ഐക്യം, സൗഹാര്‍ദ്ദം മുതലായവ ഊട്ടിയുറപ്പിക്കുകയാണ് ലക്ഷ്യം. കഴിഞ്ഞ തവണ എല്ലാ ക്രിസ്ത്യന്‍ വീടുകളിലും എത്താന്‍ സ്‌നേഹയാത്രയ്ക്ക് സാധിച്ചിരുന്നില്ല. ഇത്തവണ എല്ലാ ക്രിസ്ത്യന്‍ വീടുകളിലും പത്ത്ദിവസം കൊണ്ട് എത്തിച്ചേരുമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.