മണിപ്പൂരിലെ തൗബാല്‍ ജില്ലയില്‍ മൂന്ന് പേര്‍ വെടിയേറ്റ് മരിക്കുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തുടര്‍ന്ന് സംസ്ഥാനത്തെ അഞ്ച് താഴ്വര ജില്ലകളില്‍ കര്‍ഫ്യൂ വീണ്ടും ഏര്‍പ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു.
ഇതുവരെ തിരിച്ചറിയാനാകാത്ത തോക്കുധാരികള്‍ ലിലോംഗ് ചിന്‍ജാവോ മേഖലയില്‍ വേഷവിധാനത്തില്‍ എത്തി നാട്ടുകാരെ ലക്ഷ്യമിട്ട് വെടിയുതിര്‍ക്കുകയായിരുന്നു. മൂന്ന് പേര്‍ സംഭവസ്ഥലത്ത് തന്നെ മരിക്കുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു.ആക്രമണത്തെ തുടര്‍ന്ന് രോഷാകുലരായ നാട്ടുകാര്‍ മൂന്ന് നാല് ചക്ര വാഹനങ്ങള്‍ക്ക് തീയിട്ടു.
അക്രമത്തെത്തുടര്‍ന്ന്, തൗബാല്‍, ഇംഫാല്‍ ഈസ്റ്റ്, ഇംഫാല്‍ വെസ്റ്റ്, കാക്കിംഗ്, ബിഷ്ണുപൂര്‍ ജില്ലകളില്‍ വീണ്ടും കര്‍ഫ്യൂ ഏര്‍പ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്.