ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തെ ചൊല്ലി മാലിദ്വീപ് മന്ത്രിമാരുടെ ആക്ഷേപകരമായ പരാമര്‍ശം വിവാദമായ സാഹചര്യത്തില്‍ ഇന്ത്യ മാലിദ്വീപ് ഹൈക്കമ്മീഷണര്‍ ഇബ്രാഹിം ഷഹീബിനെ വിളിപ്പിച്ചു. പ്രധാനമന്ത്രി മോദിക്കെതിരായ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളില്‍ ഇബ്രാഹിം ഷഹീബ് കടുത്ത ആശങ്ക അറിയിച്ചു. ഇന്ന് രാവിലെ വിദേശകാര്യ മന്ത്രാലയത്തിന്റെ സൗത്ത് ബ്ലോക്കില്‍ എത്തിയ ഇബ്രാഹിം ഷഹീബ് പെട്ടെന്ന് തന്നെ പോവുകയും ചെയ്തു. തുടര്‍ന്ന് മന്ത്രിമാര്‍ക്കെതിരായി സ്വീകരിച്ച നടപടി മാലദ്വീപ് ഹൈക്കമ്മീഷണര്‍ ഇന്ത്യയെ ഔദ്യോഗികമായി അറിയിച്ചു.
അതേ സമയം, മോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തെ പരിഹസിച്ച് സമൂഹമാധ്യമത്തില്‍ നടത്തിയ പരാമര്‍ശത്തില്‍ ഇന്ത്യ കടുത്ത അതൃപ്തി അറിയിച്ചതിന് പിന്നാലെയാണ് ഹൈക്കമ്മീഷണര്‍ ഇബ്രാഹിം ഷഹീബിന്റെ നടപടി.