പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ ബാധിച്ച് കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പ്രശസ്ത സംഗീതജ്ഞന് ഉസ്താദ് റാഷിദ് ഖാന് അന്തരിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി 55 കാരനായ റാഷിദ് ഖാന് വെന്റിലേറ്ററില്‍ ഓക്സിജന്‍ സപ്പോര്‍ട്ടിലായിരുന്നു. ഉച്ചകഴിഞ്ഞ് 3:45 ഓടെയാണ് മരണം സ്ഥിരീകരിച്ചത്.
ഹിന്ദുസ്ഥാനി സംഗീതത്തിലെ രാംപൂര്‍ സഹസ്വാന് ഖരാന ശൈലിയുടെ പ്രയോക്താവായ റാഷിദ് ഖാന്റെ സംഗീത കച്ചേരികള്‍ക്കു കേരളത്തിലും വിദേശത്തും ആസ്വാദകര്‍ ഏറെയാണ്. റാഷിദ് ഖാന്റെ മരണം മുഴുവന്‍ രാജ്യത്തിനും മുഴുവന്‍ സംഗീത പ്രേമികള്‍ക്കും വലിയ നഷ്ടമാണ്, റാഷിദ് ഖാന് ഇനി ഇല്ലെന്ന് ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ലെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു.
കഴിഞ്ഞ മാസം സെറിബ്രല്‍ അറ്റാക്ക് അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് റാഷിദ് ഖാന്റെ ആരോഗ്യ സ്ഥിതി മോശമാകുന്നത്. ആദ്യം ടാറ്റ മെമ്മോറിയല്‍ കാന്‍സര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. എന്നിരുന്നാലും, തുടര്‍ന്നുള്ള ഘട്ടത്തില്‍, കൊല്‍ക്കത്തയില്‍ മാത്രം ചികിത്സ തുടരാന്‍ അദ്ദേഹം തീരുമാനിച്ചു.