കേരള ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന കേരള ക്രിക്കറ്റ് ലീഗിന്റെ ബ്രാന്‍ഡ് അംബാസഡറായി നടന്‍ മോഹന്‍ലാല്‍. ഏറെ അഭിമാനത്തോടെയും സന്തോഷത്തോടെയും കൂടെയാണ് കെസിഎല്ലിന്റെ ഭാഗമാകുന്നതെന്ന് താരം വ്യക്തമാക്കി. ഒട്ടേറെ മികച്ച പ്രതിഭകള്‍ കേരള ക്രിക്കറ്റില്‍ ഉണ്ടാകുന്നുണ്ട്. അവര്‍ക്ക് ദേശീയ ശ്രദ്ധയും അതുവഴി മികച്ച അവസരങ്ങളും കൈവരാനുള്ള അവസരമാണ് ലീഗിലൂടെ ഒരുങ്ങുന്നതെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കി.
സിനിമാ സംഘടനയുടെ ക്രിക്കറ്റ് ലീഗായ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ കേരള ടീമിന്റെ നായകനുമായിരുന്ന മോഹന്‍ലാല്‍ ബ്രാന്‍ഡ് അംബാസിഡറാകുന്നതോടെ ക്രിക്കറ്റ് ലീഗിന് കൂടുതല്‍ പ്രചാരം കിട്ടുമെന്നാണ് കെസിഎ പ്രതീക്ഷിക്കുന്നത്. ഐപിഎല്‍ മാതൃകയില്‍ മലയാളി താരങ്ങള്‍ ഉള്‍പ്പെട്ട ആറ് ടീമുകള്‍ അണിനിരക്കുന്ന ട്വന്റി20 ക്രിക്കറ്റ് ലീഗിന്റെ ആദ്യ സീസണ്‍ സെപ്റ്റംബര്‍ രണ്ടുമുതല്‍ 19 വരെ തിരുവനന്തപുരം കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ് സ്റ്റേഡിയത്തിലാണ് സംഘടിപ്പിക്കുന്നത്. 60 ലക്ഷം രൂപയാണ് ലീഗിലെ ആകെ സമ്മാനത്തുക. പകലും രാത്രിയുമായി രണ്ട് മത്സരങ്ങളാണ് ദിവസവും ഉണ്ടാകുക.