Newsperseconds.com

‘എന്റെ ഹൃദയം നന്ദിയും അഭിമാനവും കൊണ്ട് വീര്‍പ്പുമുട്ടുന്നു’; വെങ്കല തിളക്കത്തോടെ രാജകീയമായി പടിയിറങ്ങി പി.ആര്‍ ശ്രീജേഷ്

Sreejesh

പാരീസ് ഒളിമ്പിക്‌സിലെ ഹോക്കി മത്സരത്തില്‍ ഇന്ത്യയ്ക്ക് വെങ്കലം നേടി പി.ആര്‍ ശ്രീജേഷ് പടിയിറങ്ങി. വെങ്കല തിളക്കത്തോടെ രാജകീയമായി പടിയിറങ്ങാന്‍ ശ്രീജേഷിന് സാധിച്ചു. സ്‌കോര്‍ 2-1 നാണ് ഇന്ത്യ സ്‌പെയിനിനെ തോല്പിച്ച് വെങ്കല മെഡല്‍ നേടിയത്. ഫൈനലിലേക്ക് പ്രവേശിക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചിരുന്നില്ല. കരുത്തരായ ജര്‍മനിയോട് 3-2 നാണ് സെമി ഫൈനല്‍ മത്സരങ്ങളില്‍ ഇന്ത്യ പരാജയം ഏറ്റുവാങ്ങിയത്. ഈ ഗെയിംസ് തന്റെ അവസാനത്തേതായിരിക്കുമെന്നും എന്നാല്‍ തനിക്കും ഇന്ത്യക്കുമുള്ള തുടര്‍ച്ചയായ രണ്ട് വെങ്കല മെഡല്‍ തന്റെ പ്രകടനത്തെ കൂടുതല്‍ ശ്രദ്ധേയമാക്കുമെന്നും 36-കാരന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

എന്റെ ഹൃദയം നന്ദിയും അഭിമാനവും കൊണ്ട് വീര്‍പ്പുമുട്ടുന്നു. സ്വപ്നങ്ങളുള്ള ഒരു കൊച്ചുകുട്ടിയില്‍ നിന്ന് ഇന്ത്യയുടെ അഭിമാനം സംരക്ഷിക്കുന്ന മനുഷ്യനിലേക്കുള്ള ഈ യാത്ര അസാധാരണമായ ഒന്നായിരുന്നുവെന്ന് പി.ആര്‍ ശ്രീജേഷ് ട്വിറ്ററില്‍ കുറിച്ചു.

‘ഇന്ന് ഞാന്‍ ഇന്ത്യക്ക് വേണ്ടി എന്റെ അവസാന മത്സരം കളിക്കുകയാണ്. ഓരോ സേവും, ജനക്കൂട്ടത്തിന്റെ ഓരോ ഇരമ്പലും എന്നെന്നേക്കുമായി എന്റെ ആത്മാവില്‍ പ്രതിധ്വനിക്കും. ഇന്ത്യ, എന്നില്‍ വിശ്വസിച്ചതിന്, എന്നോടൊപ്പം നിന്നതിന് നന്ദി. ഇത് അവസാനമല്ല, പ്രിയപ്പെട്ട ഓര്‍മ്മകളുടെ തുടക്കമാണ്. എന്നും സ്വപ്നങ്ങളുടെ സൂക്ഷിപ്പുകാരന്‍. ജയ് ഹിന്ദ്,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യ കണ്ട ഏറ്റവും മികച്ച ഗോള്‍കീപ്പറുകളില്‍ ഒരാളാണ് പടിയിറങ്ങുന്നത്. നിരവധി റെക്കോര്‍ഡുകളുമായി മലയാളികള്‍ക്കും അഭിമാനമാവുകയാണ് പി ആര്‍ ശ്രീജേഷ്. ഒളിംപിക്സില്‍ തുടര്‍ച്ചയായ രണ്ടാം വെങ്കലമെഡലാണ് ഇന്ത്യ സ്വന്തമാക്കിയത്. കഴിഞ്ഞ ടോക്കിയോ ഒളിംപിക്സിലും ശ്രീജേഷിന്റെ മികവിലാണ് ഇന്ത്യ വെങ്കലം നേടി മെഡല്‍ വരള്‍ച്ചയ്ക്ക് വിരാമമിട്ടത്. ഇതോടെ രണ്ട് ഒളിംപിക്സ് മെഡല്‍ കരസ്ഥമാക്കുന്ന ആദ്യ മലയാളി താരമെന്ന റെക്കോര്‍ഡും ശ്രീജേഷ് സ്വന്തമാക്കി.

Share this Article

Leave a Comment