ഇംഗ്ലണ്ട് വനിത എ ടീമിനെതിരായ ആദ്യ മത്സരത്തിൽ ഇന്ത്യൻ വനിത ടീമുകൾക്ക് വിജയം. ഇംഗ്ലണ്ട് എ ടീമിനെ മൂന്ന് റൺസിനാണ് ഇന്ത്യൻ എ ടീം പരാജയപ്പെടുത്തിയത്. ഒരു ഘട്ടത്തിൽ ഇന്ത്യ പരാജയപ്പെടുമെന്ന് കരുതിയിടത്ത് നിന്നാണ് ഇന്ത്യയുടെ ആവേശകരമായ തിരിച്ചുവരവ്.
മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ വനിതകൾ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണർ ഉമ ഛേത്രിയെ ഇന്ത്യയ്ക്ക് ആദ്യം തന്നെ നഷ്ടപ്പെട്ടു. പിന്നീട് എത്തിയ അംഗങ്ങൾ ഭേദപ്പെട്ട ബാറ്റിംഗ് പുറത്തെടുത്തു. ദിനേശ് വൃന്ദ 22, ദിഷ കസത് 25, ജി ദിവ്യ 22 എന്നിവർ നന്നായി തുടങ്ങിയ ശേഷം വിക്കറ്റ് നഷ്ടപ്പെടുത്തി. 15 റൺസെടുത്ത അരൂഷിയും 19 റൺസെടുത്ത കനിക അഹുജയും അവസാന ഓവറുകളിൽ നിർണായക പ്രകടനമാണ് കാഴ്ചവച്ചത്. മലയാളി താരം മിന്നു മണി രണ്ട് പന്തിൽ മൂന്ന് റൺസെടുത്ത് പുറത്തായി.
മറുപടി ബാറ്റിംഗിൽ ഇംഗ്ലണ്ടിന്റെ ആദ്യ വിക്കറ്റുകൾ വേഗത്തിൽ നഷ്ടമായി. 110ന് മൂന്ന് എന്ന നിലയിൽ നിന്ന ശേഷം ഇംഗ്ലണ്ട് വനിതകൾ എട്ടിന് 131 എന്ന റൺസിൽ വീണു.