Newsperseconds.com

‘അടിപൊളി പിആര്‍ ശ്രീജേഷ്’; മലയാളത്തില്‍ ആശംസകള്‍ നേര്‍ന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍

Untitled 1

പാരിസ് ഒളിമ്പിക്‌സില്‍ വെങ്കലമെഡല്‍ നേടി ഹോക്കിയോട് വിട പറയുന്ന മലയാളിതാരം പി.ആര്‍ ശ്രീജേഷിന് മലയാളത്തില്‍ ആശംസകള്‍ നേര്‍ന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. സോഷ്യല്‍ മീഡിയയിലൂടെ ‘അടിപൊളി ശ്രീജേഷ്’ എന്നായിരുന്നു കമന്റ്. അതിനു ശേഷം ശ്രീജേഷിന്റെ ഗെയിമിനെ കുറിച്ചും കളിയോടുള്ള പ്രതിബദ്ധതയെ കുറിച്ചും അദ്ദേഹം ഇംഗ്ലീഷില്‍ കമന്റിട്ടു.

‘വര്‍ഷങ്ങളായി നിങ്ങള്‍ പൂര്‍ണ ഹൃദയത്തോടെ ഗോള്‍പോസ്റ്റിന് മുന്നില്‍ നിലകൊണ്ടു. ഹോക്കിയോടുള്ള നിങ്ങളുടെ സമര്‍പ്പണവും പ്രതിബദ്ധതയും ആവേശവും സമാനതകളില്ലാത്തതാണ്. ഈ ഒളിമ്പിക്‌സില്‍ ഗ്രേറ്റ് ബ്രിട്ടനെതിരായ മത്സരം എങ്ങനെ മറക്കാനാകും. പത്ത് പേരുമായി നമ്മള്‍ 42 മിനിറ്റ് കളിച്ചു. നിങ്ങളുടെ പ്രകടനം ഗംഭീരമായിരുന്നു. നിങ്ങളുടെ സാന്നിധ്യം ഇന്ത്യന്‍ ഹോക്കിയ്ക്ക് വലിയ നേട്ടമുണ്ടാക്കിയത്. ത്യാഗങ്ങള്‍ക്ക് നന്ദി. നിങ്ങളുടെ ജീവിതത്തിന്റെയും കരിയറിന്റെയും രണ്ടാം പകുതിക്ക് ആശംസകള്‍ നേരുന്നു’വെന്ന് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ സോഷ്യല്‍മീഡിയയില്‍ കുറിച്ചു.

പാരീസ് ഒളിമ്പിക്സിലെ ഹോക്കി മത്സരത്തില്‍ ഇന്ത്യയ്ക്ക് വെങ്കലം നേടിയാണ് പി.ആര്‍ ശ്രീജേഷ് പടിയിറങ്ങുന്നത്. വെങ്കല തിളക്കത്തോടെ രാജകീയമായി പടിയിറങ്ങാന്‍ ശ്രീജേഷിന് സാധിച്ചു. സ്‌കോര്‍ 2-1 നാണ് ഇന്ത്യ സ്പെയിനിനെ തോല്പിച്ച് വെങ്കല മെഡല്‍ നേടിയത്. ഫൈനലിലേക്ക് പ്രവേശിക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചിരുന്നില്ല. കരുത്തരായ ജര്‍മനിയോട് 3-2 നാണ് സെമി ഫൈനല്‍ മത്സരങ്ങളില്‍ ഇന്ത്യ പരാജയം ഏറ്റുവാങ്ങിയത്. ഈ ഗെയിംസ് തന്റെ അവസാനത്തേതായിരിക്കുമെന്നും എന്നാല്‍ തനിക്കും ഇന്ത്യക്കുമുള്ള തുടര്‍ച്ചയായ രണ്ട് വെങ്കല മെഡല്‍ തന്റെ പ്രകടനത്തെ കൂടുതല്‍ ശ്രദ്ധേയമാക്കുമെന്നും 36-കാരന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

 

Share this Article

Leave a Comment