കൊല്ലം: 71-ാം പിറന്നാള്‍ ദിനത്തില്‍ വയനാട്ടിലെ ദുരിതബാധിതരെ ചേര്‍ത്തു നിര്‍ത്തി മാതാ അമൃതാനന്ദമയി. വയനാട്ടിലെ ദുരന്ത മേഖലയ്ക്ക് സാങ്കേതിക പുനരധിവാസ സഹായമായി 15 കോടി രൂപ നല്‍കുമെന്ന് ജന്മദിനത്തില്‍ പ്രഖ്യാപിച്ചു. ദുരന്തത്തിലെ അതിജീവിതര്‍ക്ക് കൈത്താങ്ങാകുന്നതിനൊപ്പം ദുരന്ത സാധ്യതാ മേഖലകളില്‍ പ്രകൃതിദുരന്തത്തിന്റെ വ്യാപ്തി ഭാവിയില്‍ കുറയ്ക്കാന്‍ ഉതകുന്ന സംവിധാനങ്ങള്‍ സ്ഥാപിക്കാനും ഈ തുക വിനിയോഗിക്കുമെന്നും മാതാ അമൃതാനന്ദമയി മഠം വൈസ് ചെയര്‍മാന്‍ സ്വാമി അമൃതസ്വരൂപാനന്ദപുരി പറഞ്ഞു. പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ കേരള സര്‍ക്കാര്‍, തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവയില്‍നിന്ന് അനുമതി ഉടന്‍ ലഭിക്കുമെന്ന പ്രതീക്ഷയാണുള്ളതെന്നും സ്വാമി പറഞ്ഞു. അമൃത സര്‍വകലാശാലയുടെ സഹായത്തോടെ ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ മുന്നറിയിപ്പ് സംവിധാനങ്ങള്‍ സ്ഥാപിക്കുകയാണ് പ്രധാന ലക്ഷ്യം.
അമ്മയുടെ നിര്‍ദ്ദേശാനുസരണം വയനാട്ടിലെ മേപ്പാടി, പൊഴുതന, വൈത്തിരി തുടങ്ങിയ സ്ഥലങ്ങളില്‍ അമൃത സര്‍വകലാശാലയിലെ വിദഗ്ധ സംഘം പഠനം നടത്താന്‍ എത്തിയിരുന്നു. പത്തോളം സ്ഥലങ്ങളില്‍ ഇനിയും പഠനം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. അമൃത സര്‍വകലാശാലയിലെ ഗവേഷണങ്ങളുടെ ഭാഗമായി രൂപപ്പെടുത്തിയതാണ് ഉരുള്‍പൊട്ടല്‍ മുന്നറിയിപ്പ് സംവിധാനം. നിലവില്‍ മൂന്നാറിലും സിക്കിം, വടക്ക്-കിഴക്കന്‍ ഹിമാലയ പര്‍വത മേഖലകളിലും ഇത് സ്ഥാപിച്ചിട്ടുണ്ട്. ഭൂമിയുടെയും മണ്ണിന്റെയും ഘടന വിദഗ്ധ സംഘം പഠിച്ച് സ്ഥാപിക്കുന്ന സെന്‍സറുകളാണ് മുന്നറിയിപ്പുകള്‍ നല്‍കുന്നത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കേന്ദ്രീകൃത കണ്‍ട്രോള്‍ റൂം സര്‍വകലാശാല ക്യാമ്പസില്‍ സജ്ജമാണ്.
അതേ സമയം, വയനാട് അടക്കമുള്ള പ്രദേശങ്ങളിലെ ദുരന്തങ്ങളുടെ സാഹചര്യത്തില്‍ ഇക്കുറി വിപുലമായ ആഘോഷങ്ങള്‍ ഒഴിവാക്കിയിരിക്കുകയാണ്. അമൃതപുരി ആശ്രമത്തിലെ പ്രധാന ഹാളില്‍ ഇന്ന് പുലര്‍ച്ചെ ഗണപതിഹോമത്തോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. ഒന്‍പതിന് മാതാ അമൃതാനന്ദി ദര്‍ശനം നല്‍കി. ജന്മദിന സന്ദേശത്തെ തുടര്‍ന്ന് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പ്രഖ്യാപനവും അമൃതപുരിയില്‍ 101 സ്ത്രീകളുടെ വിവാഹവും നടക്കും. അമൃതകീര്‍ത്തി പുരസ്‌കാരം പ്രൊഫ. വി. മധുസൂദനന്‍ നായര്‍ക്ക് നല്‍കും.