പാലക്കാട്: കേരള ക്രിക്കറ്റ് അസോസിയേഷന്റെ കീഴില്‍ പാലക്കാട് സ്പോര്‍ട്സ് ഹബ് സ്റ്റേഡിയം വരുന്നു. മലബാര്‍ ദേവസ്വത്തിന്റെ കീഴിലുള്ള പാലക്കാട് ശ്രീ ചാത്തന്‍കുളങ്ങര ദേവി ക്ഷേത്രം ട്രസ്റ്റിന്റെ 21 ഏക്കര്‍ സ്ഥലത്താണ് വന്‍ പദ്ധതി ഒരുങ്ങുന്നത്. 30 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന കായിക പദ്ധതിയില്‍ രണ്ടു ക്രിക്കറ്റ് ഗ്രൗണ്ടുകള്‍, ഫ്ലഡ് ലൈറ്റ്, ക്ലബ് ഹൗസ്, നീന്തല്‍ കുളം, ബാസ്കറ്റ് ബോള്‍, ഫുട്ബോള്‍ മൈതാനങ്ങള്‍, കൂടാതെ മറ്റു കായിക ഇനങ്ങള്‍ക്കുള്ള സൗകര്യങ്ങള്‍ ഉണ്ടായിരിക്കും.
ലീസ് എഗ്രിമെന്റിന്റെ അടിസ്ഥാനത്തില്‍ കേരള ക്രിക്കറ്റ് അസോസിയേഷന് 33 വര്‍ഷത്തേക്കാണ് ഭൂമി ഏറ്റെടുക്കുക. പദ്ധതിയിലൂടെ ക്ഷേത്രത്തിനു 21,35000 രൂപ വാര്‍ഷികം ലഭിക്കും. കൂടാതെ 10 ലക്ഷം രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റായും കെസിഎ നല്‍കും. പദ്ധതിയുടെ ഭാഗമായി പ്രദേശികവാസികള്‍ക്ക് ജോലിക്ക് മുന്‍ഗണന നല്‍കാനും വ്യവസ്ഥ ഉണ്ട്. ഭഗവതി ക്ഷേത്രത്തിന്റെയും അസോസിയേഷന്റെയും പേരിലായിരിക്കും സ്പോര്‍ട്സ് ഹബ് നിര്‍മ്മിക്കുക. ഈ വര്‍ഷം ഡിസംബറില്‍ കരാര്‍ ഒപ്പിടും. 2025 ജനുവരിയോടെ നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിക്കും. ആദ്യഘട്ട നിര്‍മ്മാണം 2026 ന് പൂര്‍ത്തിയാക്കാനാണ് തീരുമാനം. രണ്ടാം ഘട്ടം 2027 ഏപ്രില്‍ മാസത്തോടെ പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം.