ശ്രീനാരായണഗുരുവിന്റെ ശിഷ്യപരമ്പരയില്‍ പെട്ട സന്യാസിയും ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റും ആയിരുന്ന ശാശ്വതീകാനന്ദ സ്വാമിയുടെ മരണം കൊലപാതകമാണെന്ന് വെളിപ്പെടുത്തി നാരായണ വേള്‍ഡ് കൗണ്‍സില്‍ ചെയര്‍മാന്‍ എസ്.സുവര്‍ണ്ണകുമാര്‍. ശാശ്വതീകാനന്ദ സ്വാമി പെരിയാര്‍ പുഴയില്‍ മുങ്ങി മരിച്ചിട്ട് 22 വര്‍ഷങ്ങളായി. സ്വാമിയുടെ മരണവുമായുള്ള ദുരൂഹതകള്‍ വിട്ടൊഴിയാതെ നില്‍ക്കുമ്പോഴാണ് പുതിയ വെളിപ്പെടുത്തലുമായി സുവര്‍ണ്ണകുമാര്‍ രംഗത്തെത്തിയത്. സ്വാമി ശാശ്വതീകാനന്ദയെ കൊലപ്പെടുത്തിയത് തലയ്ക്ക് നിറയൊഴിച്ചാണെന്നും മുറിവില്‍ നിന്ന് രക്തമൊഴുകുന്നത് താന്‍ നേരില്‍ കണ്ടതാണെന്നും അദ്ദേഹം വെളിപ്പെടുത്തി. ശാശ്വതീകാനന്ദയെ മയക്കുമരുന്ന് കൊടുത്താണ് പുഴയിലേക്കിറക്കിയത്. ആദ്യം മുങ്ങി എണീറ്റപ്പോള്‍ സ്വാമിയെ കണ്ടവരുണ്ട്. എന്നാല്‍ രണ്ടാമത് മുങ്ങിയപ്പോള്‍ സ്വാമിയുടെ ബോധം നഷ്ടമാവുകയും ആ സമയത്ത് മതിലിനരികില്‍ നിന്ന് രണ്ട് പേര്‍ ചേര്‍ന്ന് ഇടത് ചെവിക്ക് മുകളില്‍ വെടിവെച്ച് കൊലപ്പെടുത്തുകയുമായിരുന്നു. എയര്‍പിസ്റ്റലിന്റെ വെടിയേറ്റാണ് സ്വാമി മരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
വെടിവെച്ച ആളുകള്‍ക്ക് അതിനുള്ള ഏര്‍പ്പാട് ചെയ്തത് ഒരു പോലീസ് ഉദ്യോഗസ്ഥനാണ്. സംഭവത്തിനു ശേഷം പ്രതികള്‍ക്ക് പണം കൊടുത്ത് വിടുകയായിരുന്നു. അതില്‍ പ്രമുഖരായ രാഷ്ട്രീയ നേതാക്കളും സ്വാമിമാരും ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. മരിച്ച് കിടന്നപ്പോള്‍ തലയില്‍ ഒരു സെന്റീമീറ്റര്‍ ആഴത്തില്‍ മുറിവ് ഉണ്ടായിരുന്നു. വയര്‍ ഭാഗം പോസ്റ്റ്‌മോര്‍ട്ടത്തില്‍ തുറന്ന് പരിശോധിച്ചപ്പോള്‍ തല തുറന്ന് അന്ന് പോസ്റ്റുമോര്‍ട്ടം നടത്തിയിരുന്നില്ല. ഇത്രയും വലിയ നീന്തല്‍ ശക്തനായ ശാശ്വതീകാനന്ദ മുങ്ങിമരിച്ചത് ആരും വിശ്വസിക്കില്ല. അന്നു തന്നെ കൊലപാതകമാണ് നടന്നതെന്ന് താന്‍ അവകാശപ്പെട്ടിരുന്നു. സ്വാമിയുടെ ഭൗതിക ശരീരത്തിന്റെ വലതുഭാഗത്ത് കൃഷ്ണാനന്ദ എന്ന സ്വാമിയാണ് ചെവിയുടെ ഭാഗത്ത് നിന്ന് ഒലിച്ചുവരുന്ന രക്തവും വെള്ളവും തുടച്ചത്. സംശയം തോന്നിയതിനാല്‍ താന്‍ കഴുത്തിലെ പുഷ്പം മാറ്റി നോക്കിയിരുന്നു. ചെവിയുടെ ഭാഗത്തെ മുറിവ് കണ്ട് കൃഷ്ണാനന്ദ സ്വാമിയോട് സംശയം ചോദിച്ചിരുന്നു. എന്നാല്‍ സ്വാമിയെ തിരഞ്ഞ സമയത്ത് കഴ ഇട്ട് കുത്തിനോക്കിയപ്പോള്‍ ചെവിയില്‍ മുറി പറ്റിയതാണെന്നാണ് മറുപടി ലഭിച്ചത്. എന്നാല്‍ കഴ ഇട്ട് കുത്തിയ മുറിവ് നെറ്റിയിലാണെന്നും ഇത് കൊലപാതകമാണെന്നും പുറത്തിറങ്ങി വിളിച്ചുപറഞ്ഞു. തന്നെ ഉടനെ തന്നെ ആരൊക്കെയോ കൂടി വായ പൊത്തുകയും അവിടെ നിന്ന് മാറ്റുകയും ചെയ്തുവെന്ന് എസ്.സുവര്‍ണ്ണകുമാര്‍ പറഞ്ഞു. എന്നാല്‍ സംഭവത്തില്‍ പങ്കുണ്ടെന്ന് ആരോപിക്കുന്ന ഉന്നത രാഷ്ട്രീയ നേതാക്കളുടെ പേരുകള്‍ സുവര്‍ണ്ണകുമാര്‍ വ്യക്തമാക്കിയിട്ടില്ല.
2002 ജൂലൈ 1-ന് തിരുവനന്തപുരത്ത് നിന്ന് ആലുവ അദ്വൈതാശ്രമത്തില്‍ ശിവഗിരിയുടെ ഡയറക്ടര്‍ബോര്‍ഡ് യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയ സ്വാമി ശാശ്വതീകാനന്ദ പെരിയാറില്‍ കുളിക്കാന്‍ ഇറങ്ങി. ഏറെ നേരം കഴിഞ്ഞിട്ടും അദ്ദേഹത്തെ കാണാതായതിനെത്തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് മുങ്ങിമരിച്ച നിലയില്‍ സ്വാമിയെ കണ്ടെത്തിയത്. ശാശ്വതീകാനന്ദയുടെ മരണം കൊലപാതകമാണെന്ന് ഉന്നയിച്ച് പലരും രംഗത്ത് വന്നെങ്കിലും കൃത്യമായ അന്വേഷണം നടന്നില്ല. സത്യങ്ങള്‍ പുറത്തുവരാതിരിക്കാന്‍ ഉന്നതതല ഇടപെടല്‍ നടന്നതായി കുടുംബം ആരോപിച്ചിരുന്നു. കേസ് അട്ടിമറിക്കാന്‍ വേണ്ടിയാണ് അന്വേഷണം നീട്ടികൊണ്ടുപോയതെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. അന്നു മുതല്‍ ഇന്നുവരെ കാരണം കണ്ടെത്താന്‍ ആകാത്ത ശാശ്വതീകാനന്ദയുടെ മരണത്തില്‍ ദൃക്‌സാക്ഷിയുടെ വെളിപ്പെടുത്തല്‍ വീണ്ടും കേസ് പുനരന്വേഷിക്കാന്‍ കാരണമാകും.