ന്യൂഡല്‍ഹി: ബംഗാളി നടി ശ്രീലേഖ മിത്ര സംവിധായകന്‍ രഞ്ജിത്തിനെതിരെ ലൈംഗികാരോപണങ്ങളുമായി രംഗത്ത് വന്നപ്പോള്‍ സംരക്ഷണവുമായെത്തിയ സാംസ്‌കാരിക മന്ത്രി സജി ചെറിയാന്റെ നടപടിയില്‍ പ്രകാശ് കാരാട്ടും വൃന്ദാ കാരാട്ടും കടുത്ത അതൃപ്തി അറിയിച്ചു. ബാംഗാളിലെ പ്രശസ്ത നടിയാണ് ശ്രീലേഖ മിത്ര. എന്നും സിപിഎം വേദികളിലെ നിറസാന്നിധ്യമാണ്. പാര്‍ട്ടി തകിടം മറിഞ്ഞു പോകുന്ന ഘട്ടത്തിലും പാര്‍ട്ടിയോടൊപ്പം നിന്ന് വ്യക്തിയാണ് ശ്രീലേഖ. ബംഗാളില്‍ പാര്‍ട്ടിയുടെ പുനര്‍ജീവനത്തിന് ശ്രീലേഖ മിത്രയെ പോലുള്ളവരുടെ പിന്തുണ അനിവാര്യതയുമാണ്. പാര്‍ട്ടി ബംഗാളില്‍ തകര്‍ന്നടിഞ്ഞിട്ടും ഒന്നും പ്രതീക്ഷിക്കാതെയാണ് ശ്രീലേഖ ഇടത് രാഷ്ട്രീയത്തില്‍ കൈകോര്‍ത്തത്. ബംഗാളില്‍ തിരിച്ചുവരവിന് ഒരുങ്ങുന്ന സിപിഎമ്മിനു നടിയുടെ വരവ് കരുത്താകുമെന്നാണ് പാര്‍ട്ടിയുടെ വിശ്വാസം. അത്തരത്തില്‍ സിപിഎം അനുകൂലിയായ ശ്രീലേഖ മിത്രയുടെ വാക്കുകളെയാണ് കേരളത്തിലെ സാസ്‌കാരിക മന്ത്രി സജി ചെറിയാന്‍ വിശ്വാസത്തിലെടുക്കാത്തത്.
കുറച്ചു നാള്‍മുമ്പ് ഉടനെ പാര്‍ട്ടിയില്‍ ചേരുമോ എന്ന ചോദിച്ചപ്പോള്‍, ‘അങ്ങനെയാണോ തോന്നുന്നത്? എന്നാല്‍ അങ്ങനെയാവട്ടെ’ എന്നായിരുന്നു നടിയുടെ മറുപടി. താന്‍ അന്നും ഇന്നും ഉറച്ച ഇടത് അനുഭാവിയാണ്. അക്കാര്യം ഇടതു നേതാക്കള്‍ക്കും വ്യക്തമായി അറിയാം. എന്റെ പിന്തുണയും അവര്‍ക്കാണ് ഇതായിരുന്നു ശ്രീലേഖയുടെ മറുപടി. ഇത്തരത്തില്‍ പാര്‍ട്ടിയുടെ പള്‍സ് അറിയുന്ന ഒരു സിനിമ നടിയുടെ വാക്കുകളാണ് സാംസ്‌കാരിക മന്ത്രി തട്ടിതെറിപ്പിച്ചത്. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രഗത്ഭ സിനിമാക്കാരനാണെന്നും അതുകൊണ്ട് തന്നെ പരാതിയെ പൂര്‍ണ്ണ മുഖവിലയ്ക്ക് എടുക്കാനാകില്ലെന്നും ആയിരുന്നു സജി ചെറിയാന്‍ നല്‍കിയ സന്ദേശം. ഇത് സിപിഎം കേന്ദ്ര നേതൃത്വത്തെ ഞെട്ടിച്ചു. പ്രകാശ് കാരാട്ടും വൃന്ദാ കാരാട്ടും കടുത്ത അതൃപ്തിയാണ് ഇക്കാര്യത്തില്‍ രേഖപ്പെടുത്തിയത്. ഇത് തന്നെയാണ് വൃന്ദാകാരാട്ട് പരസ്യ പ്രതികരണത്തിന് എത്താന്‍ കാരണമായതും.
ഹേമാ കമ്മറ്റി റിപ്പോര്‍ട്ടില്‍ സിപി എം നല്ല രീതിയില്‍ പ്രതികരണം നടത്തുമ്പോഴാണ് ശ്രീലേഖ മിത്രയുടെ ആരോപണങ്ങളില്‍ മന്ത്രിയുടെ പരാമര്‍ശം. സിപിഎം സംസ്ഥാന നേതൃത്വത്തെ അവര്‍ കാര്യങ്ങള്‍ അറിയിച്ചിട്ടുണ്ട്. സിപിഎമ്മിന് ലോക്സഭാ തിരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയുണ്ടായിരുന്നു. ഇതില്‍ നിന്നും കരകയറാനുള്ള ശ്രമങ്ങള്‍ക്ക് ഇത്തരം വിവാദങ്ങള്‍ തിരിച്ചടിയാകും. രഞ്ജിത്തിനെ പിന്തുണച്ച മന്ത്രി ഇടതു നിലപാടിനെതിരായ പ്രസ്താവനയാണ് നടത്തിയതെന്ന് സിപിഎം കേന്ദ്ര നേതൃത്വം വിലയിരുത്തുന്നു. കരുതല്‍ ഇല്ലാത്ത പ്രവര്‍ത്തിയായി പോയെന്നാണ് അവരുടെ അഭിപ്രായം.