കാല്‍പാദങ്ങളിലെ കറുപ്പ് നിറം എല്ലാവരേയും അലട്ടുന്നൊരു പ്രശ്‌നമാണ്. തിരക്കേറിയ ജീവിതത്തില്‍ കാല്‍പാദങ്ങള്‍ക്ക് വേണ്ട സംരക്ഷണം നല്‍കാന്‍ പലരും മറന്നു പോകുന്നു. മുഖം മിനുക്കുന്ന പോലെ കാല്‍ പാദങ്ങളെ നോക്കാന്‍ ആര്‍ക്കും സമയമില്ല. ഇനിയിപ്പോ എത്ര ശ്രദ്ധിച്ചാലും വെയില്‍ കൊള്ളാതെയും അഴുക്ക് ആവാതെയും കാല്‍ സൂക്ഷിക്കുന്നത് കുറച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്. അവസാനം ബ്യൂട്ടിപാര്‍ലറുകളില്‍ പോയി പെഡിക്യൂര്‍ ചെയ്യാന്‍ വലിയ തുകയാണ് കൊടുക്കുന്നത്. എന്നാല്‍ വീടുകളില്‍ തന്നെ നമുക്ക് കാല്‍പാദം വൃത്തിയാക്കാനുള്ള പൊടിക്കൈകളുണ്ട്. കാല്‍പാദങ്ങളിലെ ചര്‍മ്മം വളരെ കനം കുറഞ്ഞതും സെന്‍സിറ്റീവായതുമാണ്. അതിനാല്‍ പെട്ടെന്ന് സൂര്യപ്രകാശം പോലുള്ള ബാഹ്യഘടകങ്ങള്‍ക്ക് ഇരയാകുന്നു. കാല്‍പാദങ്ങളിലെ കറുപ്പ് നിറം അകറ്റാന്‍ വീട്ടില്‍തന്നെ ചെയ്യാവുന്ന ചെലവ് കുറഞ്ഞ വഴികളാണിത്.
1. കറ്റാര്‍വാഴ
എല്ലാ വീടുകളിലും കണ്ടു വരുന്ന ഏറെ ഗുണങ്ങളുള്ള ഒരു ചെടിയാണ് കറ്റാര്‍ വാഴ. മുഖത്ത് പുരട്ടാനും മുടിയുടെ വളര്‍ച്ചയ്ക്കുമെല്ലാം ഇത് ഉപയോഗിക്കാറുണ്ട്. പുരാതന കാലം മുതല്‍ പല വിധത്തിലുള്ള ചര്‍മ്മപ്രശ്‌നങ്ങള്‍ക്കുള്ള പ്രതിവിധിയായി ഉപയോഗിച്ചുവരുന്നു. ധാതുക്കളും വിറ്റാമിനുകളും കൊണ്ട് സമ്പന്നമായ ഇവ ചര്‍മ്മത്തിന് തിളക്കം, ആന്റിസെപ്റ്റിക്, മോയ്‌സ്ച്യുറൈസിങ് എന്നിവയുള്‍പ്പെടെ ഒന്നിലധികം ഗുണങ്ങള്‍ നല്‍കുന്നു. കറ്റാര്‍വാഴയുടെ ജെല്‍ കാല്‍പാദത്തില്‍ പുരട്ടി മൂന്ന് മിനിറ്റ് മസാജ് ചെയ്യുക. 20 മിനിറ്റിനുശേഷം കഴുകി കളയുക. കറ്റാര്‍ വാഴയിലെ ഫൈറ്റോകെമിക്കലുകള്‍ ഹൈപ്പര്‍പിഗ്മെന്റേഷന്‍ കുറയ്ക്കാനും ചര്‍മ്മത്തെ എക്‌സ്ഫോളിയേറ്റ് ചെയ്യാനും സഹായിക്കുന്നു. ഇതിലൂടെ നിങ്ങളുടെ കാല്‍പാദങ്ങള്‍ മിനുസമുള്ളതും സ്‌കിന്‍ വളരെ സോഫ്റ്റ് ആയി മാറുകയും ചെയ്യും.
2. നാരങ്ങ ജ്യൂസ്
നാരങ്ങ നീര് തിളക്കമുള്ള ചര്‍മ്മം നേടുന്നതിനുള്ള പ്രകൃതിദത്ത പ്രതിവിധിയാണ്. നാരങ്ങ ആന്റിഓക്സിഡന്റുകളാല്‍ സമ്പന്നമാണ്. ഷാംബൂവില്‍ നാരാങ്ങാനീര് ഉപയോഗിച്ച് പെഡിക്യൂര്‍ ചെയ്യുന്നത് എല്ലാവര്‍ക്കുമറിയാം. ഇത് സ്വാഭാവിക ബ്ലീച്ചിങ് ഏജന്റായി പ്രവര്‍ത്തിക്കുന്നു. കറുപ്പും ഹൈപ്പര്‍പിഗ്മെന്റേഷനും കുറയ്ക്കാന്‍ സഹായിക്കുന്നു. നാരങ്ങയുടെ കഷ്ണങ്ങള്‍ കാല്‍പാദങ്ങളില്‍ 5-7 മിനിറ്റ് നന്നായി തേയ്ക്കുക. 15 മിനിറ്റിനുശേഷം കഴുകി കളയുക. ദിവസവും ഇങ്ങനെ ചെയ്താല്‍ ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ ഫലം കാണാനാകും. ചെറുനാരങ്ങ നീര് ചൂടുവെള്ളത്തില്‍ കലര്‍ത്തി കുറച്ച് ഉപ്പിട്ട് കാല്‍പാദങ്ങള്‍ അതില്‍വെക്കുക. പത്ത് മിനിറ്റിന് ശേഷം കാലുകളിലെ അഴുക്കെല്ലാം പോയതായി കാണാം.
3. വെളിച്ചെണ്ണ
സാധാരണ വെളിച്ചെണ്ണ ഒന്നോ രണ്ടോ തുള്ളിയെടുത്ത് കാല്‍ പാദങ്ങളില്‍ തേച്ചു പിടിപ്പിക്കുക. അഞ്ച് മിനിറ്റ് മസാജ് ചെയ്തതിനു ശേഷം ചെറുപയര്‍ പൊടി കൊണ്ട് കാല്‍ കഴുകുക. മൂന്ന് ദിവസം തുടര്‍ച്ചയായി ഇങ്ങനെ ചെയ്താല്‍ തന്നെ നിങ്ങള്‍ക്ക് മാറ്റം കാണാനാകും. വരണ്ട ചര്‍മ്മമുള്ളവര്‍ക്ക് ഇത് വളരെ എഫക്ടീവാകുന്നൊരു പൊടികൈ ആണ്.
4. ചന്ദനവും റോസ് വാട്ടറും
തുല്യ അളവില്‍ റോസ് വാട്ടറും ചന്ദനവും ചേര്‍ത്ത് പേസ്റ്റ് ഉണ്ടാക്കുക. ഈ മിശ്രിതം കാല്‍പാദങ്ങളില്‍ പുരട്ടുക, 15 മിനിറ്റ് മസാജ് ചെയ്യുക. അതിനുശേഷം കഴുകി കളയുക. പതിവായി ഇങ്ങനെ ചെയ്യുന്നത് നല്ല ഫലം നല്‍കും.