ജീവിതത്തിലെ തിരക്ക് പിടിച്ച ഓട്ടത്തിനിടയില്‍ ആരോഗ്യം നോക്കാന്‍ സമയമില്ലാത്തവരാണ് നമ്മളില്‍ പലരും. പുറത്തുനിന്നുള്ള ഭക്ഷണം, കൃത്യമല്ലാത്ത ഭക്ഷണരീതി തുടങ്ങി വണ്ണം വെക്കുന്ന കാരണങ്ങള്‍ നിരവധിയാണ്. എത്ര ശ്രമിച്ചിട്ടും വണ്ണം കുറയാത്തത് എന്താണെന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടാകും. എങ്കിലും മടി കാരണം വ്യായാമം മാറ്റി വെക്കുന്നവരാണ്. ജിമ്മില്‍ പോകാതെയും വണ്ണം കുറയ്ക്കാനുള്ള നിരവധി ടിപ്‌സുകള്‍ ഉണ്ട്. വണ്ണം കുറയ്ക്കണമെന്ന് ആദ്യം മനസ്സില്‍ ഉറച്ച തീരുമാനമെടുക്കണം. ‘ഞാന്‍ മെലിയും, എന്റെ ശരീരം ആരോഗ്യമുള്ളതാവും എന്ന് നമ്മോട് തന്നെ പറയണം. ഇതോടൊപ്പം വ്യായാമവും ആഹാരനിയന്ത്രണവും മറ്റു കാര്യങ്ങളുമെല്ലാം ശ്രദ്ധിക്കണം. ഒടുവില്‍ നമ്മുടെ ആഗ്രഹം പോലെ നമ്മുടെ ശരീരവും ആയിത്തീരും. മനസ്സിന്റെ ആഗ്രഹത്തോടൊപ്പം ശരീരവും ഇണങ്ങിത്തീരും.

- വണ്ണം കുറയ്ക്കലില്‍ വ്യായാമം ഒഴിവാക്കാനാവാത്ത ഒന്നു തന്നെയാണ്. ഒരു ദിവസം കൃത്യമായി ഒരു മണിക്കൂറെങ്കിലും നടക്കാന്‍ ശ്രമിക്കണം.
- ഭക്ഷണത്തില്‍ പഴവര്‍ഗ്ഗങ്ങള്‍ അധികരിപ്പിക്കുക.
- രാവിലത്തെ വ്യായാമത്തിന് ശേഷം ഓട്‌സും ബദാമും മിക്‌സ് ചെയ്തുള്ള ഷെയ്ക്ക് വണ്ണം കുറയ്ക്കാന്‍ നിങ്ങളെ സഹായിക്കും.
- ഭക്ഷണം ആവശ്യത്തിന് മാത്രം കഴിക്കുക. വയര്‍ നിറഞ്ഞിട്ടും വീണ്ടും കഴിച്ചുകൊണ്ടേയിരിക്കുന്നത് പൊണ്ണത്തടിക്ക് കാരണമാകും.
- ടിവിയുടെ മുമ്പിലിരുന്നും ഫോണ്‍ നോക്കിക്കൊണ്ടുമൊക്കെ കഴിക്കുന്നത് ഒഴിവാക്കുക. ഇത് ചിലപ്പോഴെങ്കിലും നിയന്ത്രണമില്ലാതെ കഴിക്കുന്നതിന് കാരണമായേക്കാം. ടിവിക്കു മുമ്പിലിരുന്ന് കഴിക്കുമ്പോള്‍ നാം കഴിക്കുന്ന ആഹാരത്തില്‍ ശ്രദ്ധിക്കുകയില്ല. എത്ര അളവ് ഉള്ളില്‍ ചെല്ലുന്നുവെന്നും അറിയുന്നില്ല.
- ഫാസ്റ്റ് ഫുഡ് കഴിക്കുന്നവരാണെങ്കില്‍ തീര്‍ത്തും ആ ശീലം മാറ്റിവെക്കുക. മന്തി, അല്‍ഫാം, ബ്രോസ്റ്റ് മുതലായവ കഴിക്കുമ്പോള്‍ പെട്ടെന്ന് വണ്ണം കൂടാനുള്ള സാഹചര്യമുണ്ട്. ഇത്തരം ഭക്ഷണത്തിനോട് ആഗ്രഹം തോന്നുമ്പോള്‍ മാസത്തില്‍ ഒരിക്കല്‍ കുറഞ്ഞ അളവില്‍ കഴിക്കുക.
- എണ്ണയില്‍ വറുത്തെടുത്ത ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഒഴിവാക്കുക. അതോടൊപ്പം ചോറിന്റെ അളവ് കുറയ്ക്കുക. പച്ചക്കറിയും പഴവര്‍ഗ്ഗവും ഭക്ഷണത്തില്‍ അധികരിപ്പിക്കുക. തണ്ണിമത്തനും വെള്ളരിക്കയും ആരോഗ്യത്തിന് നല്ലതും വെള്ളത്തിന്റെ അംശം കൂടിയതുമായ നല്ല പഴവര്‍ഗ്ഗങ്ങളാണ്.
- മധുര പലഹാരങ്ങളും ജ്യൂസുമെല്ലാം ഒഴിവാക്കല്‍ നിര്‍ബന്ധമാണ്. പകരം നട്‌സ് കഴിക്കാന്‍ ശ്രമിക്കുക.
- ദിവസവും രാവിലെ എണീറ്റ ഉടനെ ചെറുചൂടുവെള്ളത്തില്‍ നാരങ്ങനീര് ഒഴിച്ച് കുടിച്ചാല്‍ കുടവയര്‍ കുറയാന്‍ സഹായകരമാകും.
- ഓഫീസിലും അപ്പാര്‍ട്‌മെന്റിലും മറ്റും ലിഫ്റ്റ് ഉണ്ടെങ്കില്‍ അവയുടെ സഹായം തേടാതെ പടികയറാന്‍ ശ്രമിക്കുക. വ്യായാമം ചെയ്യാന്‍ സമയമില്ലാത്തവര്‍ക്ക് ഇതൊരു മികച്ച വ്യായാമമാണ്.
- ഒരു ചെറിയ പ്ലേറ്റില്‍ നിറയെ ആഹാരമെടുക്കുകയും കഴിക്കുകയും ചെയ്യുക. ഒരു പാത്രം നിറയെ ആഹാരം കഴിച്ചല്ലോ എന്ന് മനസ്സിനെ ബോധ്യപ്പെടുത്തുക. അധിക ഭക്ഷണവും അമിത കാലറിയും ഒഴിവാക്കാനാകും.
- ചായയും കാപ്പിയും മാറ്റി ആ സമയങ്ങളില്‍ ഗ്രീന്‍ ടീ പോലുള്ള ഏതെങ്കിലും ഹെല്‍ത്ത് ഡ്രിങ്ക്‌സ് കുടിക്കാവുന്നതാണ്.
- ഓഫീസില്‍ മണിക്കൂറുകളോളം ഒരേ ഇരിപ്പ് ഇരിക്കാതെ 40 മിനിറ്റ് കൂടുമ്പോള്‍ എണീറ്റ് നടക്കുക. അലാറം വെച്ച് ഇതൊരു ശീലമാക്കുക.
- കൃത്യസമയത്ത് ഉറങ്ങുക. പകല്‍ സമയങ്ങളിലെ ഉറക്കം വണ്ണം കൂടാന്‍ കാരണമായേക്കും.