ദൈനംദിന ജീവിതത്തില്‍ വിവര സാങ്കേതിക വിദ്യയുടെ വിവിധ തരത്തിലുള്ള അവസരങ്ങള്‍ തുറന്നിട്ടിട്ടുണ്ട്. വിവര സാങ്കേതിക മേഖല സുസ്ഥിരമായ വളര്‍ച്ചയാണ് വൈദ്യശാസ്ത്ര മേഖലയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ടെലിമെഡിസിന്‍, മൊബൈല്‍ ഹെല്‍ത്ത്, നിര്‍മ്മിത ബുദ്ധി (Artificial Intelligence), ഇന്റര്‍നെറ്റ് ഓഫ് തിങ്ങ്‌സ് (IOI), മെഷീന്‍ ലേര്‍ണിങ്് (Machine Learning), ഡീപ് ലേണിംഗ് (Deep Learning), നാനോ ടെക്‌നോളജി (Nano Technology), ജീന്‍ തെറാപ്പി (Gene Therapy), ക്രിസ്പര്‍ (CRISPER), റോബോട്ടിക് സര്‍ജറി തുടങ്ങി അനേകം നൂതന സാങ്കേതിക വിദ്യകളുണ്ട്. ഇതില്‍ ഏതാണ് നല്ലത്? നമ്മുടെ സംശയങ്ങളും ആകുലതകളും കൂടിവരുന്ന കാലഘട്ടമാണ്. ഈ നൂതന സാങ്കേതികവിദ്യകളെ കുറിച്ച് തിരുവനന്തപുരം ശ്രീ ഗോകുലം സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് ആന്റ് ഹെഡ് ഡോ. സുരേഷ് എസ് പിള്ള (ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്‌പൈന്‍ സര്‍ജറി) സംസാരിക്കുന്നു…
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് (AI) ആരോഗ്യ സംരക്ഷണത്തെ പരിവര്‍ത്തനം ചെയ്യാനും വൈദ്യശാസ്ത്ര മേഖലയെ കാര്യമായ രീതിയില്‍ തടസ്സപ്പെടുത്താനും കഴിയും. ഡയഗ്നോസ്റ്റിക്സ്, ഡാറ്റാ അനാലിസിസ്, പ്രിസിഷന്‍ മെഡിസിന്‍ തുടങ്ങിയ ടാസ്‌ക്കുകളില്‍ ഇത് ശ്രദ്ധേയമായ പുരോഗതി കാണിച്ചു, കൂടാതെ പേഷ്യന്റ് ട്രയേജ് മുതല്‍ ക്യാന്‍സര്‍ കണ്ടെത്തല്‍ വരെയുള്ള മേഖലകളില്‍ ഇത് ഇതിനകം തന്നെ പ്രയോഗിക്കുന്നുണ്ട്. ആരോഗ്യപരിപാലനം എന്ന വിഷയം എല്ലാ സ്ഥലങ്ങളിലും യഥാസമയം ഏറ്റവും മികച്ച രീതിയില്‍ എല്ലാപേര്‍ക്കും എത്തിക്കുമ്പോഴാണ് സാങ്കേതിക വിദ്യകളുടെ ഗുണങ്ങള്‍ പൂര്‍ണമാകുന്നത്. ഇലക്ട്രിസിറ്റിയുടെ കണ്ടുപിടിത്തവും ടെലിഗ്രാഫിന്റെ (അലക്‌സാണ്ടര്‍ ഗ്രഹാംബെല്‍) കണ്ടുപിടിത്തവുമാണ് നൂതന ടെലിമെഡിസിന്റെ അടിത്തറ പാകിയത്. ഇന്റര്‍നെറ്റിന്റെ വരവ് അതിനെ നമ്മുടെ ചിന്തകള്‍ക്കതീതമായി വളര്‍ത്തുകയും ചെയ്തു. നമുക്ക് എത്തിച്ചേരാന്‍ പറ്റാത്ത സ്ഥലങ്ങളില്‍ ചികിത്സാമാര്‍ഗ്ഗങ്ങള്‍ സമയബന്ധിതമായി എത്തിക്കുന്നതിനെയാണ് ടെലിമെഡിസിന്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഉദാഹരണത്തിനായി, വിദൂര സ്ഥലങ്ങളിലുള്ളവര്‍, കപ്പലിലോ വിമാനങ്ങളിലോ സഞ്ചരിക്കുന്നവര്‍, യാത്ര സൗകര്യങ്ങള്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ താമസിക്കുന്നവര്‍, തുടങ്ങിയവര്‍ക്കെല്ലാം യഥാസമയം വിവിധ ചികിത്സാ മാര്‍ഗങ്ങള്‍ എത്തിക്കാന്‍ ടെലിമെഡിസിന്‍ കൊണ്ട് സാധിക്കുന്നു. ഒരു കൊച്ചു കമ്പ്യൂട്ടര്‍ പോലെ ഉപയോഗിക്കുന്ന സ്മാര്‍ട്ട് ഫോണുകളുടെ വരവും ടെലിമെഡിസിന്റെ വളര്‍ച്ചയെ വലിയ തോതില്‍ സഹായിക്കുന്നു.

ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷനുകള്‍, തല്‍സമയം സ്‌കാനിങ്ങുകള്‍ വീക്ഷിക്കുക, മരുന്നിന്റെ കുറിപ്പടികള്‍ എത്തിക്കുക, ചികിത്സാ ഡോക്യുമെന്ററികള്‍ ഡോക്ടറുടെ അടുത്തെത്തിക്കുക തുടങ്ങിയവയെല്ലാം വളരെ എളുപ്പമായിക്കഴിഞ്ഞു. ക്രോണിക് ആയ അസുഖങ്ങള്‍ ഉള്ളവര്‍ക്ക് ദീര്‍ഘകാല ചികിത്സകള്‍ ആവശ്യമാണ്. ഇതിനായി വളരെയധികം യാത്രകളും ചിലവുകളുമൊക്കെ ആവശ്യമായി വരാറുണ്ട് ഉദാ: പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയവ. ഇത്തരം രോഗികള്‍ക്ക് കുറിപ്പടികള്‍ ലഭ്യമാക്കുന്നതിന് ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷനുകള്‍ വളരെയേറെ സഹായകരമാണ്.
ഇന്‍ഫര്‍മേഷന്‍, കമ്മ്യൂഷിക്കേഷന്‍ ടെക്‌നോളജി പഠിച്ചവര്‍ വൈദ്യശാസ്ത്രത്തിലെ ഈ അവസരങ്ങളെല്ലാം കൃത്യമായി ഉപയോഗിക്കുന്നു. തല്‍ഫലമായി ചികിത്സാ മാര്‍ഗ്ഗങ്ങള്‍ ലോകത്തിന്റെ ഏതു കോണിലും എന്തിനേറെ ബഹിരാകാശത്ത് പോലും എത്തിക്കാവുന്ന രീതിയിലേക്കെത്തി. ഇത്തരം സാങ്കേതിക വിദ്യകളുടെ വികാസവും പുത്തന്‍ ഉപകരണങ്ങളുടെ വരവും മൂലം ഈ മേഖല വാണിജ്യപരമായി മുന്നേറുകയും സാങ്കേതിക വിദഗ്ധരുടെ പറുദീസയായി മാറുകയും ചെയ്തു. മനുഷ്യശാസ്ത്രം പഠിക്കുകയും ഗവേഷണം ചെയ്യുകയും ചെയ്യുന്ന ഡോക്ടര്‍മാര്‍ ഇപ്പോള്‍ കേവലം ജോലിക്കാരായി മാറിക്കൊണ്ടിരിക്കുന്നു. അത്യാധുനിക ഉപകരണങ്ങള്‍ ഉപയോഗിക്കുന്ന കേവലം കോര്‍പ്പറേറ്റുകള്‍ക്കു വേണ്ടി ജോലി ചെയ്യുന്ന ഒരു വര്‍ഗ്ഗമായി ചുരുങ്ങി ഡോക്ടര്‍മാര്‍.

മറ്റൊരു വാണിജ്യാവസരങ്ങളാണ് ഹെല്‍ത്ത് ആപ്പുകള്‍. ഉദ്ദേശം 3,25,000 മൊബൈല്‍ ഹെല്‍ത്ത് ആപ്പുകള്‍ ഇപ്പോള്‍ നിലവിലുണ്ട്. ഇവയെല്ലാം വിശ്വസനീയങ്ങളല്ല. ആധികാരികതയുള്ളവ മാത്രം തിരഞ്ഞെടുത്ത് ഉപയോഗിക്കേണ്ടതാണ്. നമ്മുടെ ശരീരത്തില്‍ ധരിക്കാവുന്ന അല്ലെങ്കില്‍ കൊണ്ടുനടക്കാവുന്ന ഉപകരണങ്ങള്‍ (സ്മാര്‍ട്ട് വാച്ച്, മൊബൈല്‍ ഫോണ്‍, മോണിറ്ററിംഗ് ഡിവൈസുകള്‍ മുതലായവ) നമ്മുടെ ശരീരത്തിലെ ഗ്ലൂക്കോസ്, ഓക്‌സിജന്‍, രക്തസമ്മര്‍ദ്ദം തുടങ്ങി അനേകം കാര്യങ്ങള്‍ അളന്ന് ദൂരെയുള്ള കമ്പ്യൂട്ടറുകളിലും തദ്വാരാ, ഡോക്ടറുടെ അടുത്തും എത്തിക്കുന്നു. ഇത് തുടര്‍ച്ചയായ റീഡിങുകള്‍ കിട്ടുന്നതിനും ചികിത്സ മെച്ചമാക്കുന്നതിനും സഹായിക്കുന്നു. അതല്ലെങ്കില്‍ രോഗി ഡോക്ടറെ കാണാന്‍ ചെല്ലുമ്പോള്‍ മാത്രമേ ഇവയൊക്കെ പരിശോധിക്കാന്‍ കഴിയുകയുളളൂ. അതുപോലെ തന്നെ എക്‌സ്‌റേ, എംആര്‍ഐ , സിടി സ്‌കാനുകള്‍, തുടങ്ങിയവയൊക്കെ സ്‌കാനിങ് സെന്ററില്‍ നിന്നു തന്നെ ഡോക്ടറുടെ അടുത്തെത്തിക്കുന്നതിനും സമയബന്ധിതമായി ചികിത്സ ലഭ്യമാക്കുന്നതിനും സാധിക്കുന്നു. വൈദ്യശാസ്ത്രത്തില്‍ അറിവ് പങ്കുവെയ്ക്കുന്നതിനും അതിനായി സെമിനാറുകള്‍ നടത്തുന്നതിനുമെല്ലാം ടെലിമെഡിസിന്റെ പലവിധ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കുന്നു. ഇതിന്റെയെല്ലാം ഉപയോഗം അതിന്റെ മൂര്‍ദ്ധന്യാവസ്ഥയിലെത്തിയത് കോവിഡ് കാലത്താണ്.
നിര്‍മ്മിത ബുദ്ധി,മെഷീന്‍ ലേര്‍ണിംഗ്,ഡീപ് ലേര്‍ണിങ്;
നമ്മള്‍ ഇന്റര്‍നെറ്റിലേക്ക് കൊടുക്കുന്ന ഡാറ്റകളെല്ലാം ഞൊടിയിടയില്‍ വിശകലനം ചെയ്ത് നമ്മുടെ മുന്നിലേക്ക് എത്തിക്കുകയാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്ന കമ്പ്യൂട്ടര്‍ പ്രോഗ്രാമുകള്‍. നാനോ സ്പീഡില്‍ നിര്‍മ്മിത ബുദ്ധിക്ക് വിശകലനം ചെയ്യാന്‍ സാധിക്കും. ഉദാഹരണമായി, സ്‌കാനിങ്ങുകള്‍ പരിശോധിച്ച് ഡയഗ്‌നോസിസ് ചെയ്യുക, പാത്തോളജി സ്‌പെസിമെനുകള്‍ പരിശോധിച്ച് ഡയഗ്‌നോസിസ് നടത്തുക തുടങ്ങിയവ. ഒരേ പോലെയുള്ള തുടര്‍ച്ചയായി ചെയ്യേണ്ട ജോലികള്‍ ചെയ്യുന്നതിനാണ് നിര്‍മ്മിത ബുദ്ധി കൂടുതല്‍ ഉപയോഗപ്രദം. മനുഷ്യനുണ്ടാകുന്ന ആവര്‍ത്തനവിരസതയോ തളര്‍ച്ചയോ ഇല്ലാതെതന്നെ ഇത് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കും. മെഡിക്കല്‍ ഗവേഷണങ്ങള്‍ക്കും ഡാറ്റ വേഗത്തില്‍ അപഗ്രഥിക്കുന്നതിനും തദ്വാര ഗവേഷണങ്ങളും ട്രയലുകളും വേഗത്തില്‍ ആക്കുന്നതിനും നിര്‍മ്മിത ബുദ്ധിക്ക് കഴിയുന്നു.
കൃത്യതയോടെ ശസ്ത്രക്രിയകള്‍ ചെയ്യുന്നതിനും നിര്‍മ്മിതബുദ്ധി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന റോബോട്ടുകള്‍ അടുത്തെത്തിക്കഴിഞ്ഞു. എന്നാല്‍ ഇതിന്റെ ന്യൂനത, മനുഷ്യനുണ്ടാകുന്നതുപോലെ ബയോ ഫീഡ്ബാക്ക് ഈ റോബോട്ടുകള്‍ക്കില്ല എന്നതാണ്. അതിനാല്‍ മനുഷ്യന് പകരമായി ഉപയോ ഗിക്കുന്നതിനുപകരം മനുഷ്യനെ സഹായിക്കുന്നതിനായി റോബോട്ടുകള്‍ ഉപയോഗിക്കണം. കാലങ്ങള്‍ കഴിയുമ്പോള്‍ റോബോട്ടുകള്‍ ചെയ്യുന്ന ജോലികള്‍ മനുഷ്യനെക്കാളും കൃത്യമായി തളര്‍ച്ചയില്ലാതെ ചെയ്യാന്‍ കഴിയും. എന്നാല്‍ റോബോട്ടിന് ഒരു ഡോക്ടറെ പൂര്‍ണമായി മാറ്റാന്‍ കഴിയുമോ എന്നത് വളരെ സംശയമാണ്. ഇതുവരെ അമേരിക്കയില്‍ റോബോട്ടുകള്‍ ചെയ്ത ശസ്ത്രക്രിയയില്‍ 144 മരണം സംഭവിച്ചു! ഇംഗ്ലണ്ടിലെ ന്യൂകാസില്‍ നടത്തിയ റോബോട്ടിക് ഹൃദയവാല്‍വ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയി ല്‍ രോഗി മരിച്ചു. ലയോണില്‍ രണ്ടു വിമാനങ്ങള്‍ കൂട്ടിയിടിച്ച് 159 പേര്‍ മരിച്ചു ( ഫ്‌ളൈറ്റുകല്‍ വിപരീത ദിശകളില്‍ തെറ്റായി പ്രവര്‍ത്തിക്കുന്നത് പൈലറ്റിന് മനസ്സിലാക്കാന്‍ സാധിച്ചില്ല. ഇങ്ങനെ കമ്പ്യൂട്ടറിന് തെറ്റു പറ്റിയാല്‍ അപകടം ഉറപ്പാണ്. അതേ സമയം, മനുഷ്യനാണെങ്കില്‍ തെറ്റ് മനസ്സിലാക്കാനും യഥാസമയങ്ങളില്‍ തിരുത്താനും അതുവഴി അപകടം ഒഴിവാക്കാനും സാധിക്കും.

ശാസ്ത്രക്രിയകളില്‍ ഇത് വളരെയേറെ പ്രധാനമാണ്. ഉദാഹരണത്തിന് നട്ടെല്ലിന്റെ പെഡിക്കിളില്‍ ഇടുന്ന സ്‌ക്രൂവിന്റെ പാത; മനുഷ്യന്‍ ശസ്ത്രക്രിയ ചെയ്യുമ്പോള്‍ ”ബയോ ഫീഡ്ബാക്കി” ലൂടെ പാത തെറ്റുന്നത് മനസ്സിലാക്കുന്നതിനും അവിടെ ഇടാതിരിക്കുന്നതിനും അപകടം ഒഴിവാക്കുന്നതിനും കഴിയുന്നു. ചുരുക്കത്തില്‍, മനുഷ്യന്‍ യജമാനനായും റോബോട്ട് ജോലിക്കാരനായും മനുഷ്യന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിച്ചാല്‍ അത് വൈദ്യശാസ്ത്രത്തിന് വളരെയേറെ പ്രയോജനം ചെയ്യും.
അതുപോലെതന്നെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് ഈ പ്രവൃത്തികളുടെ ഉത്തരവാദിത്വം. റോബോട്ടുകള്‍ ശസ്ത്രക്രിയ ചെയ്ത് രോഗി മരിച്ചാല്‍ ആരാണ് ഉത്തരവാദി? ഡോക്ടറോ? റോബോട്ട് ഉണ്ടാക്കിയ കമ്പനിയോ? റോബോട്ടോ? ഇത് നിശ്ചയിക്കുന്നത് വളരെ വിഷമം പിടിച്ച ഒരു കാര്യമാണ്. എന്നാല്‍ റോബോട്ടിക് ശസ്ത്രക്രിയയില്‍ മരണം സംഭവിച്ചപ്പോഴൊക്കെ സര്‍ജനെയാണ് കോടതി ശിക്ഷിച്ചത്. വിമാനങ്ങള്‍ കൂട്ടിയിടിച്ചപ്പോള്‍ പൈലറ്റ് മരിച്ചുപോയതിനാല്‍ വിമാന കമ്പനിയെ (ബോയിങ്) ശിക്ഷിച്ചു! ഓരോ രോഗിയുടെയും വിവരങ്ങളും അവരുടെ സ്വകാര്യതയും മാനിക്കപ്പെടേണ്ടതാണ്. ഈ വിവരങ്ങളെല്ലാം ഇന്റര്‍നെറ്റില്‍ വരുമ്പോള്‍ സ്വകാര്യത നഷ്ടപ്പെടാനുള്ള സാധ്യതകള്‍ വളരെയേറെയാണ്. അതിനാല്‍ കൃത്യമായ നിയമനിര്‍മ്മാണങ്ങളും അതിര്‍വരമ്പുകളും നിര്‍ണയിച്ചു വേണം നിര്‍മിതബുദ്ധി ഉപയോഗിച്ചുള്ള ചികിത്സകള്‍ ചെയ്യാന്‍. യുക്തിപൂര്‍വ്വം ഉപയോഗിച്ചാല്‍ മനുഷ്യരാശിക്കു തന്നെ ഇത് വളരെയേറെ പ്രയോജനം ചെയ്യും. ന്യൂക്ലിയര്‍ എനര്‍ജി പോലെ ഇതാരുടെ കൈകളില്‍ എത്തുന്നു എന്നതനുസരിച്ച് നിര്‍മ്മിത ബുദ്ധിയെ സുഹൃത്തായും അതേസമയം സര്‍വ്വ വിനാശകാരിയായും ഉപയോഗിക്കാം.

നാനോ ടെക്‌നോളജി;
പ്രധാനമായും ഇതുമൂലമുള്ള ഗുണം നാനോ പാര്‍ട്ടിക്കിള്‍സായി മരുന്നുകള്‍ കൃത്യസമയത്ത് എത്തിക്കാന്‍ കഴിയും. ഉദാ: കാന്‍സര്‍ ചികിത്സയില്‍ മരുന്നുകള്‍ മുഴകള്‍ക്കുള്ളില്‍ കൃത്യമായി എത്തിക്കുന്നതിനും അതുവഴി മരുന്നിന്റെ കാര്യക്ഷമത കൂട്ടുന്നതിനും പാര്‍ശ്വഫലങ്ങള്‍ ലഘൂകരിക്കുന്നതിനും കഴിയുന്നു. അതുപോലെ തന്നെ ബ്ലഡ്‌ബ്രെയിന്‍ ബാരിയര്‍ കടക്കാത്ത മരുന്നുകള്‍ തലച്ചോറിലെത്തിക്കുന്നതിന് നാനോ ടെക്‌നോളജി ഉപയോഗപ്രദമാണ്.
ജീന്‍ തെറാപ്പിയും ക്രിസ്പറും
എല്ലാ അസുഖങ്ങള്‍ക്കും മൂലകാരണം ജനിതകവ്യതിയാനമാണെന്ന രീതിയിലേക്കാണ് ഗവേഷണങ്ങളുടെ പോക്ക്. ജനിതക വ്യതിയാനം വരുത്തിയാല്‍ സിസ്റ്റിക് ഫൈബ്രോയിഡ്, സിക്കിള്‍ സെല്‍ അനീമിയ തുടങ്ങിയ അസുഖങ്ങള്‍ ചികിത്സിക്കാനാകും. ക്രിസ്പര്‍ (ക്ലസ്റ്റേര്‍ഡ് റെഗുലര്‍ ഇന്റര്‍സ്‌പേസ്ഡ് ഷോര്‍ട്ട് പാലിന്‍ഡ്രോമിക് റിപ്പീറ്റ്‌സ്) കാന്‍സര്‍ ചികിത്സയില്‍ വളരെയേറെ പുരോഗതി നേടാന്‍ സഹായിച്ചിട്ടുണ്ട്. ചുരുക്കത്തില്‍ വാര്‍ത്താ വിനിമയ സാങ്കേതികവിദ്യ യിലൂടെയുള്ള കുതിച്ചുചാട്ടവും, ഇന്റര്‍നെറ്റും, വൈദ്യുതിയും, ടെലിഗ്രാഫും, നിര്‍മ്മിത ബുദ്ധി യും, നാനോ ടെക്‌നോളജിയും, ടെലിമെഡിസിനുമെല്ലാം വൈദ്യശാസ്ത്ര രംഗത്തെ അത്യുന്നതങ്ങളിലേക്ക് നയി ച്ചിരിക്കുകയാണ്. എന്നാല്‍ അവയുടെ വിവേചനപരവും വിവേകത്തോടെയുമുള്ള ഉപയോഗം മനുഷ്യരാശിയുടെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമാണ്. ഈ സാങ്കേതിക വിദ്യകളുടെ ഉപയോഗം ലോകത്തിലെ എല്ലാ ജനങ്ങളിലും എത്തിക്കേണ്ടതാണ്. ആരോഗ്യസംരക്ഷണം ഓരോ പൗരന്റേയും അവകാശമാണ്. അതിനുള്ള അവസരം ജാതിമത സാമ്പത്തിക സാമൂഹിക വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും ലഭ്യമാകണം. ആരോഗ്യം കാത്തുസൂക്ഷിക്കുന്നതില്‍ ശുചിത്വത്തിനും പോഷകാഹാരത്തിനും വളരെ വലിയ പങ്കാണുള്ളത്. കൃത്യമായ ആരോഗ്യപരിപാലനത്തിന് നൂതനസാങ്കേതിക വിദ്യകള്‍ എല്ലാവര്‍ക്കും എത്തിക്കുന്നതോടൊപ്പം പോഷകാഹാരം പാര്‍പ്പിടം, ശുചിത്വം തുടങ്ങിയവ പ്രാഥമിക ആവശ്യങ്ങളും നിറവേറ്റാന്‍ എല്ലാ സര്‍ക്കാറുകളും പ്രതിജ്ഞാബദ്ധരാകട്ടെ.