മലയാളിയുടെ അടുക്കളയിലെ താരമാണ് സാമ്പാര്‍. ഇഡ്ഡലിക്കും, ദോശക്കും, ചോറിനുമെല്ലാം സാമ്പാര്‍ നല്ല ബെസ്റ്റ് കൂട്ടാണ്. ഓരോ ഇടങ്ങളിലും വ്യത്യസ്ഥ തരത്തിലാണ് സാമ്പാര്‍ ഉണ്ടാക്കുന്നത്. ഏത് രൂപത്തില്‍ വന്നാലും സാമ്പാര്‍ ഇഷ്ടമില്ലാത്ത ആളുകള്‍ ഉണ്ടാവില്ല. വിവിധ പച്ചക്കറികളും പ്രോട്ടീനും അടങ്ങിയ സമ്പൂര്‍ണ്ണ വിഭവമാണ് സാമ്പാര്‍. സാമ്പാറിന്റെ രുചി കൂട്ടാനായി വീട്ടില്‍ തന്നെ തയ്യാറാക്കി എടുക്കാവുന്ന ഒരു സാമ്പാര്‍ പൊടിയുടെ കൂട്ട് വിശദമായി മനസ്സിലാക്കാം.
സാമ്പാര്‍ പൊടി തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകള്‍;
ഒരു പിടി അളവില്‍ കാശ്മീരി ചില്ലി, അതേ അളവില്‍ എരുവുള്ള ഉണക്കമുളക്, അഞ്ച് ടേബിള്‍ സ്പൂണ്‍ അളവില്‍ മല്ലി, അതേ അളവില്‍ ഉഴുന്ന്, കടലപ്പരിപ്പ്, ഒരു ടീസ്പൂണ്‍ അളവില്‍ ഉലുവ, ജീരകം, കറിവേപ്പില, കായം ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ അടി കട്ടിയുള്ള ഒരു പാത്രം അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോള്‍ അതിലേക്ക് എടുത്തുവച്ച മുളകിട്ട് നല്ലതുപോലെ വറുത്തെടുക്കുക.
അത് മാറ്റിവെച്ച ശേഷം അതേ പാനിലേക്ക്, മല്ലിയും കടലപ്പരിപ്പും, ഉഴുന്നുമിട്ട് ഇളം ബ്രൗണ്‍ നിറമാകുന്നത് വരെ വറുത്തെടുക്കുക. അതെടുത്ത് മാറ്റിയശേഷം ജീരകവും ഉലുവയും ചേര്‍ത്ത് നല്ലതുപോലെ വറുത്തെടുക്കുക. എടുത്തുവച്ച കറിവേപ്പില കൂടി പാനില്‍ ഇട്ട് ചൂടാക്കിയ ശേഷം എടുത്തു മാറ്റുക. അവസാനമായി കായം കൂടി ഇതേ രീതിയില്‍ വറുത്തെടുക്കണം. തയ്യാറാക്കി വച്ച ചേരുവകളുടെ ചൂട് മാറിയതിനു ശേഷമാണ് പൊടിച്ചെടുക്കേണ്ടത്.
കൂടുതല്‍ അളവില്‍ പൊടി ഉണ്ടാക്കുന്നുണ്ടെങ്കില്‍ രണ്ട് തവണയായി പൊടിച്ചെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. അതല്ലെങ്കില്‍ തരികള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. എടുത്തുവച്ച ചേരുവകള്‍ മിക്‌സിയുടെ ജാറിലേക്ക് ഇട്ട് പൊടി രൂപത്തില്‍ അടിച്ചെടുക്കുക. ശേഷം ഇത് എയര്‍ ടൈറ്റ് ആയ ഒരു കണ്ടെയ്‌നറില്‍ സൂക്ഷിച്ചു വയ്ക്കുകയാണെങ്കില്‍ എത്രനാള്‍ വേണമെങ്കിലും കേടാകാതെ ഉപയോഗിക്കാന്‍ സാധിക്കുന്നതാണ്.