സംഗീത സംവിധായകൻ കെ.ജെ.ജോയ് (77) അന്തരിച്ചു. ചെന്നൈയിലെ വസതിയിൽ പുലർച്ചെ രണ്ടരയോടെയായിരുന്നു അന്ത്യം. പക്ഷാഘാതത്തേ തുടർന്ന് കിടപ്പിലായിരുന്നു. തൃശൂർ നെല്ലിക്കുന്ന് സ്വദേശിയായ കെ.ജെ.ജോയ് ഇരുനൂറിലേറെ ചിത്രങ്ങൾക്ക് സംഗീത സംവിധാനം നിർവഹിച്ചിട്ടുണ്ട്.
1975 ൽ ‘ലൗ ലെറ്റർ’ എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. മലയാള ചലച്ചിത്രഗാനലോകത്തെ ആദ്യത്തെ ടെക്നോ മ്യൂസീഷ്യനാണ് ജോയി. ഇവനെന്റെ പ്രിയപുത്രൻ, ചന്ദനച്ചോല, ആരാധന, സ്നേഹയമുന, മുക്കുവനെ സ്നേഹിച്ച ഭൂതം, മനുഷ്യമൃഗം, സർപ്പം, ശക്തി തുടങ്ങി ഇരുന്നൂറിലേറെ ചിത്രങ്ങൾക്ക് ഈണമിട്ടു. 1994-ൽ പി.ജി.വിശ്വംഭരൻ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ദാദ ആയിരുന്നു അവസാന ചിത്രം.