പാലക്കാട്; കുമാരനെല്ലൂരില്‍ ഒന്നേകാല്‍ പവന്റെ മാല മോഷ്ടിച്ച് സ്ഥലം വിട്ട കള്ളന് മാനസാന്തരം. മൂന്ന് വയസ്സുകാരിയുടെ ഒന്നോകാല്‍ പവന്റെ മാലയാണ് മോഷണം പോയത്. പിന്നീട് നടന്നത് എല്ലാം രസകരമായ കള്ളന്റെ കഥയായിരുന്നു. മാല മോഷ്ടിച്ചത് മുതല്‍ മനസ്സമാധാനമില്ലെന്നും തന്നോട് ക്ഷമിക്കണമെന്നുള്ള കത്ത് എഴുതി വെച്ചുമാണ് മോഷ്ടാവ് മാല വിറ്റുകിട്ടിയ 52,500 രൂപ വീടിനു പിറകില്‍ കൊണ്ടുവെച്ചത്.
കുമാരനെല്ലൂര്‍ എജെബി സ്കൂളിന് സമീപം താമസിക്കുന്ന മുണ്ട്രേട്ട് കുഞ്ഞാന്റെ ചെറുമകള്‍ ഹവ്വയുടെ ഒന്നേ കാല് പവന്റെ സ്വര്‍ണമാലയാണ് 19 ന് നഷ്ടമായത്. മാല മോഷണം പോയി രണ്ട് ദിവസത്തിന് ശേഷമാണ് ക്ഷമാപണ കുറിപ്പും പണവും കണ്ടെത്തുന്നത്. മാല മോഷണം പോയതിന് പിന്നാലെ വീട്ടുകാര്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ലായിരുന്നു. വീട്ടുകാര്‍ തിരച്ചില്‍ നടത്തുന്നത് കണ്ടപ്പോള്‍ വിഷമം തോന്നിയത് കൊണ്ടാണ് മാലവിറ്റ പണം തിരിച്ചു വെക്കുന്നത് എന്നാണ് മോഷ്ടാവ് കത്തില്‍ എഴുതിയത്.