കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടേണ്ട ബെഹ്‌റൈന്‍ വിമാനം റദ്ദായതോടെ യാത്രക്കാര്‍ ദുരിതത്തിലായി. ഒരു ദിവസം കഴിഞ്ഞിട്ടും പകരം വിമാനം ഉറപ്പായിട്ടില്ല. ഗള്‍ഫ് എയര്‍ വിമാനം റദ്ദാക്കിയതോടെയാണ് യാത്രക്കാര്‍ പ്രതിസന്ധിയിലായത്. വിസ റദ്ദാകുന്നവരുള്‍പ്പെടെ സംഘത്തിലുണ്ട്. യാത്രക്കാര്‍ ഇപ്പോഴും ഹോട്ടലില്‍ തന്നെ തുടരുകയാണ്. ഇന്ന് രാത്രിയോടെ പരിഹാരം കാണുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
ഇന്നലെ പുലര്‍ച്ചെ അഞ്ച് മണിക്ക് പുറപ്പെടേണ്ട ഗള്‍ഫ് എയര്‍ വിമാനമാണ് സാങ്കേതിക തകരാര്‍ മൂലം റദ്ദാക്കിയത്. മൂന്ന് മണിക്കൂറോളം യാത്രക്കാര്‍ വിമാനത്തില്‍ കയറിയിരുന്നു. അതിന് ശേഷമാണ് സര്‍വീസ് റദ്ദാക്കാന്‍ തീരുമാനിച്ചത്. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കേണ്ടവരും വിസ റദ്ദാകുന്നവരും വിവിധ രാജ്യങ്ങളിലേക്ക് പോകേണ്ടവരുമെല്ലാം സംഘത്തിലുണ്ട്. പിന്നീട് യാത്രക്കാര്‍ പ്രതിഷേധം നടത്തിയതിനു ശേഷമാണ് ഹോട്ടല്‍ സൗകര്യം ഒരുക്കിയത്. എന്നാല്‍ മാനേജര്‍മാര്‍ ഇതു സംബന്ധിച്ച് ഒന്നും സംസാരിക്കുന്നില്ലെന്നും മറ്റു സ്റ്റാഫുകളാണ് ഇടപെടുന്നതെന്നും യാത്രക്കാര്‍ പരാതിപ്പെട്ടു.