Newsperseconds.com

ആത്മവിശുദ്ധിയുടെ പുണ്യറമദാനിനെ വരവേല്‍ക്കാന്‍ ഒരുങ്ങി വിശ്വാസികള്‍

Capture

ആത്മീയതയുടേയും സല്‍ക്കര്‍മ്മങ്ങളുടേയും പുണ്യമാസമായ റമളാന്‍ പടിക്കലെത്തി. പ്രാര്‍ത്ഥനാനിര്‍ഭരമായ ദിനരാത്രങ്ങളെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് വിശ്വാസികള്‍. വര്‍ഷത്തിലൊരിക്കല്‍ വന്നുചേരുന്ന അല്ലാഹുവിന്റെ അതിഥിയാണ് റമദാന്‍. മുപ്പത് അല്ലെങ്കില്‍ ഇരുപത്തൊന്‍പത് ദിനരാത്രങ്ങളാണ് വിശ്വാസികള്‍ക്ക് ലഭിക്കുന്നത്. സകല വികാരങ്ങളും വെടിഞ്ഞ് നന്മകളും സഹായങ്ങളും ചെയ്ത് പകല്‍ മുഴുവന്‍ വ്രതമനുഷ്ടിച്ചാണ് പകലിനെ രാത്രിയാക്കുന്നത്.

റമദാനിനെ വരവേല്‍ക്കുന്നതിലും സ്വീകരിക്കുന്നതിലും നാം ഓരോരുത്തര്‍ക്കും അവരുടേതായ രീതികളുണ്ട്. ഓരോ വീട് മുതല്‍ വ്യക്തികള്‍ വരെ പല വിധ തയ്യാറെടുപ്പുകളാണ്. വീടുകളുടെ മുക്കും മൂലയും വൃത്തിയാക്കി, ഒരു മാസത്തേക്കുള്ള ഭക്ഷണപദാര്‍ത്ഥങ്ങള്‍ക്ക് വേണ്ട സാധനങ്ങള്‍ ഒരുക്കിയാണ് ഓരോ വീട്ടമ്മയും റമദാനിനെ സ്വീകരിക്കുന്നത്. അത് പോലെ തന്നെ മനുഷ്യന്റെ ഹൃദയവും ശരീരവും ശുദ്ധിയാക്കേണ്ട കടമയും നിലനില്‍ക്കുന്നുണ്ട്. വ്രതാനുഷ്ടാനം ഓരോ വിശ്വാസിക്കും നിര്‍ബന്ധമാക്കപ്പെട്ടതാണ്. റമദാനിലെ നോമ്പ് തുറയും പുണ്യമാക്കപ്പെട്ടതാണ്. മഗ്രിബ് ബാങ്കോടെയാണ് ഒരുദിവസത്തെ വ്രതം അവസാനിപ്പിക്കുന്നത്.

കഴിഞ്ഞ കാലങ്ങളില്‍ വന്നുപോയ വീഴ്ചകളും അരുതായ്മകളും പരിഹരിച്ചു ഒരു പുതിയ മനുഷ്യനായി ഓരോ നോമ്പുകാരനും റമദാനില്‍ മാറണം. ഈ മാസത്തിലെ പ്രാര്‍ഥനകള്‍ക്കും ഖുര്‍ആന്‍ പാരായണത്തിനും കൂടുതല്‍ പ്രതിഫലം ലഭിക്കുന്നതിനാല്‍ മുസ്ലിംങ്ങള്‍ എല്ലാ സല്‍കമ്മങ്ങളും അധികരിപ്പിക്കുന്നു. സകാത്ത് നല്‍കലും സല്‍കര്‍മ്മങ്ങള്‍ അധികരിപ്പിക്കലും ഈ മാസത്തിന്റെ മറ്റൊരു സവിശേഷതയാണ്. അരുതായ്മകളില്‍ നിന്നും അധാര്‍മ്മികതയില്‍ നിന്നും മനുഷ്യനെ തടയാന്‍ ദൈവിക ബോധത്തോളം ശക്തമായ മറ്റൊന്നും ഈ ലോകത്തില്ല. അങ്ങനെ ആരാധനയിലൂടെ സ്‌നേഹത്തിന്റെയും സഹവര്‍തിത്വത്തിന്റെയും പുണ്യമാക്കപ്പെട്ട മാസമായാണ് റമദാന്‍ കണക്കാക്കുന്നത്.

Share this Article

Leave a Comment