Newsperseconds.com

ബ്ലാക്ക്മാജിക്കിന് പിന്നില്‍ ആര്? ഇ-മെയില്‍ ചാറ്റ് സംബന്ധിച്ച വിവരങ്ങള്‍ പോലീസിന്; ദുരൂഹത ഒഴിയാതെ അരുണാചലിലെ മലയാളികളുടെ മരണം

Capture

തിരുവനന്തപുരം: അരുണാചല്‍പ്രദേശില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച മൂന്ന് മലയാളികളുടേയും മൃതദേഹം ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും. സംഭവത്തില്‍ കൂടുതല്‍ അന്വേഷണവും പരിശോധനയും ആവശ്യമാണ്. ബ്ലാക്ക് മാജിക്ക് ആണോ എന്നതില്‍ ഇപ്പോഴും സംശയം നിലനില്‍ക്കുകയാണ്. മരിച്ച മൂന്ന് പേരുടെയും ഇ-മെയില്‍ ചാറ്റ് സംബന്ധിച്ച വിവരങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. 2021 മുതലുള്ള ഇമെയില്‍ ചാറ്റ് വിവരങ്ങളാണ് ശേഖരിച്ചത്. ചാറ്റിന്റെ ഉള്ളടക്കം ഇപ്പോള്‍ പുറത്തുപറയാന്‍ കഴിയില്ലെന്നും തിരുവനന്തപുരം ഡിസിപി നിതിന്‍രാജ് വ്യക്തമാക്കി.

കോട്ടയം സ്വദേശി നവീന്‍, ഭാര്യ തിരുവനന്തപുരം സ്വദേശി ദേവി, വട്ടിയൂര്‍ക്കാവ് സ്വദേശി ആര്യ എന്നിവരാണ് അരുണാചല്‍ പ്രദേശിലെ ഹോട്ടല്‍മുറിയില്‍ വെച്ച് ആത്മഹത്യ ചെയ്തത്. രണ്ട് സ്ത്രീകളെയും ഞരമ്പ് അറുത്ത് കൊലപ്പെടുത്തിയ ശേഷം നവീന്‍ ജീവനൊടുക്കിയെന്നാണ് പ്രാഥമിക നിഗമനം. മൂന്ന് പേരും ഒരു റൂമെടുത്താണ് ഹോട്ടലില്‍ താമസിച്ചത്. ദേവിയുടെ സുഹൃത്തായ ആര്യ എങ്ങനെയാണ് അന്ധവിശ്വാസത്തിലേക്ക് എത്തിയതെന്നും പോലീസ് അന്വേഷിച്ചു വരികയാണ്. സംഭവത്തിന് പിന്നില്‍ മറ്റേതെങ്കിലും സംഘം പ്രവര്‍ത്തിക്കുന്നുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. മലയാളികളുടെ മരണം അന്വേഷിക്കാന്‍ 5 പേരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായി അരുണാചല്‍ പൊലീസ് അറിയിച്ചു.

മൂവരുടെയും മൃതദേഹങ്ങള്‍ ഇന്ന് നാട്ടിലെത്തിച്ചേക്കും. മൂന്ന് പേരുടെയും പോസ്റ്റ്‌മോര്‍ട്ടം ഇന്നലെ കഴിഞ്ഞിരുന്നു. നടപടികള്‍ പൂര്‍ത്തിയാക്കി വേഗത്തില്‍ നാട്ടിലേക്ക് തിരിക്കാനാണ് നീക്കം. മരണവുമായി ബന്ധപ്പെട്ട് അരുണാചല്‍ പ്രത്യേക അന്വേഷണ സംഘവും കേരള പോലീസും സഹകരിച്ച് ആയിരിക്കും കേസ് അന്വേഷിക്കുക. യുവതികളുടെ കയ്യില്‍ ആഴത്തിലുള്ള മുറിവുകള്‍ ഉണ്ടെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. മാര്‍ച്ച് 28 നാണ് മൂന്ന് പേരും അരുണാചലിലെ ഹോട്ടലില്‍ എത്തിയത്. അന്നുമുതല്‍ മൂന്ന് പേരും ഒരു മുറിയാലാണ് താമസിച്ചത്. ഭാര്യ ദേവിയേയും സുഹൃത്തായ അധ്യാപികയേയും ബ്ലാക്ക് മാജിക്കിലേക്ക് നയിച്ചത് ഭര്‍ത്താവ് നവീന്‍ ആണെന്നാണ് സൂചന. പരലോകവും അവിടെ ജീവിക്കുന്നവരും ഉണ്ടെന്ന് നവീന്‍ ഇരുവരെയും വിശ്വസിപ്പിച്ചിരുന്നു. മരണശേഷം അവിടേക്കു പോകാമെന്നു പറഞ്ഞ് നവീന്‍ ഇരുവരെയും പ്രലോഭിപ്പിച്ചിരുന്നതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഏറെ നാളുകളായി മൂവരും മരണത്തിന് വേണ്ടി തയ്യാറെടുക്കുകയായിരുന്നു.

ആര്യയുടെ വിവാഹം അടുത്തമാസം 7ന് നടത്താനാണ് നിശ്ചയിച്ചിരുന്നത്. ആര്യയുടെ വിവാഹം നിശ്ചയിച്ചതോടെയാണ് മൂവരും മരിക്കാന്‍ തീരുമാനിച്ചതെന്നും സൂചനയുണ്ട്. സന്തോഷത്തോടെ ജീവിച്ചു, ഇനി ഞങ്ങള്‍ പോകുന്നുവെന്ന് കുറിപ്പ് എഴുതി വെച്ചാണ് മരിച്ചത്. അരുണാചലിലെ ഹോട്ടലില്‍ എത്തിയ മൂവരും കുറച്ച് ദിവസം കറങ്ങി തിരിഞ്ഞതായി ഹോട്ടല്‍ അധികൃതരും പറഞ്ഞു. എന്നാല്‍ സംശയാസ്പദമായ രീതിയില്‍ സിസിടിവി ദൃശ്യങ്ങളില്‍ ഒന്നും പതിഞ്ഞിട്ടില്ലെന്നാണ് ഹോട്ടല്‍ അധികൃതര്‍ പറയുന്നത്. കണ്‍വന്‍ഷനു പോകുന്നുവെന്നു പറഞ്ഞാണു നവീനും ദേവിയും വീട്ടില്‍നിന്നു പോയത്. തിരുവനന്തപുരത്തുനിന്ന് ആര്യയെ കൂട്ടി വിമാനമാര്‍ഗം അരുണാചലിലേക്കു പോകുകയായിരുന്നു.

Share this Article

Leave a Comment