ബാലതാരം ദേവനന്ദയ്ക്കെതിരെ മനപ്പൂര്‍വ്വം സൈബര്‍ അക്രമണം നടത്തുന്നവര്‍ക്കെതിരെ എത്രയും പെട്ടെന്ന് നടപടിയെടുക്കണമെന്ന് ആര്‍പിഐ സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറി ആര്.സി.രാജീവ് ദാസ്. മലയാള സിനിമയില്‍ സജ്ജീവ സാന്നിധ്യമായ മിടുക്കിയാണ് ദേവനന്ദ. മാളികപ്പുറം എന്ന ചിത്രത്തിലെ ദേവനന്ദയുടെ അഭിനയത്തിന് പ്രേക്ഷകര്‍ നിറഞ്ഞ കയ്യടി നല്‍കിയതാണ്. പുതിയ ചിത്രമായ ‘ഗു’വിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ഒരു ചാനലിന് നല്കിയ അഭിമുഖത്തില്‍ ദേവനന്ദ പറഞ്ഞ ചില കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. വീഡിയോയില്‍ നിന്ന് ഒരു പ്രത്യേക ഭാഗം അടര്‍ത്തിയെടുത്താണ് പ്രചരിപ്പിച്ചത്. സാമൂഹ്യമാധ്യമങ്ങളില്‍ ഒരു കൊച്ചു പെണ്‍കുട്ടിയെ മനപ്പൂര്‍വ്വം അക്രമിക്കുകയാണ്. ഇത്തരത്തില്‍ ദുഷ്പ്രചരണം നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും അവരുടെ ഫേസ്ബുക്ക് ,യൂട്യൂബ് പേജുകള്‍ ബഹിഷ്കരിക്കണമെന്നും ആര്.സി രാജീവ്ദാസ് പറഞ്ഞു.

ഓണ്‍ലൈന്‍ ചാനലിന് നല്കിയ അഭിമുഖത്തില്‍, ‘പുതിയ തലമുറയിലെ കുട്ടികള്‍ ഒരുപാടു മാറിയെന്നും ക്യൂട്ട്നെസ് നോക്കി നില്‍ക്കുന്നവരല്ലെന്നു’മുളള ദേവനന്ദയുടെ പരാമര്‍ശമാണ് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായത്. ഒരു കൊച്ചുകുട്ടിയെന്ന പരിഗണന പോലും നല്‍കാതെയാണ് വ്യാപക വിമര്‍ശനത്തിനും ട്രോളുകള്‍ക്കും ഇരയാക്കുന്നത്. പക്വത ഉള്ളവര്‍ സംസാരിക്കുന്നത് അംഗീകരിക്കാന്‍ പലപ്പോഴും മലയാളി മടിക്കാറുണ്ട്. അത് തന്നെയാണ് ഈ വിഷയത്തിലും കാണാന്‍ സാധിക്കുന്നതെന്ന് ആര്.സി രാജീവ്ദാസ് ചൂണ്ടിക്കാട്ടി. ബുദ്ധിപരമായി പക്വതയോടെ സംസാരിച്ച കുട്ടിയെ ക്യൂട്ട്നെസ്സ് ഇല്ലെന്ന് പറഞ്ഞാണ് സോഷ്യല്‍മീഡിയ ട്രോളുന്നത്. ഇത്രയും ചെറിയ പ്രായത്തില്‍ മലയാള സിനിമയില്‍ നല്ല വേഷങ്ങള്‍ ചെയ്ത് കാണികളെ കൊണ്ട് കയ്യടിപ്പിക്കാനുള്ള കഴിവ് ദേവനന്ദക്കുണ്ട്. അത് തന്നെയാണ് ദേവനന്ദയുടെ വിജയവുമെന്ന് ആര്.സി രാജീവ്ദാസ് പറഞ്ഞു.

ഇത്തരത്തില്‍ ഒരു കൊച്ചു കുട്ടിയെ സമൂഹ മാധ്യമത്തില്‍ മനഃപൂര്‍വം അപമാനിക്കുക എന്ന ലക്ഷ്യത്തോടെ കണ്ടന്റ് ക്രിയേറ്റേഴ്സ് എന്ന് അവകാശപ്പെടുന്ന കുറച്ച് വ്യക്തികള്‍ അവരുടെ ഫെയ്സ്ബുക്ക്, യൂട്യൂബ്, ഇന്‍സ്റ്റഗ്രാം ചാനലുകളിലും പേജുകളിലും ദുഷ്പ്രചരണം നടത്തുകയാണ്. ഇവരുടെ ഈ പ്രവര്‍ത്തി കൊണ്ട് പത്ത് വയസ്സുകാരിക്ക് വലിയ രീതിയില്‍ മാനസിക ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ട്. സമൂഹ മധ്യേ മനഃപൂര്‍വം പെണ്‍കുട്ടി അപമാനിക്കപ്പെടുകയാണ്. അപ്ലോഡ് ചെയ്ത വിഡിയോകള്‍ എത്രയും പെട്ടന്ന് ഡിലീറ്റ് ചെയ്യിക്കാനും ഈ വ്യക്തികളുടെ പേരില്‍ എത്രയും പെട്ടെന്ന് നിയമ നടപടികള്‍ സ്വീകരിക്കുകയും ചെയ്യണമെന്ന് അദ്ദേഹം വ്യക്തമാക്കി. മലയാളിയുടെ ഇഷ്ട ബാലതാരമാണ് ദേവ നന്ദ. മാളികപ്പുറത്തെ കല്ലു, തൊട്ടപ്പനിലെ സാറ, മൈ സാന്റയിലെ അന്ന തെരേസ, തുടങ്ങി നിരവധി കഥാപാത്രങ്ങളിലൂടെ താരം അറിയപ്പെടുന്നു. ദേവനന്ദയുടെ പുതിയ ചിത്രമായ ‘ഗു’ വിന് എല്ലാ വിധ ആശംസകളും ആര്‍സി രാജീവ്ദാസ് നേര്‍ന്നു.