കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ ഭര്‍തൃവീട്ടുകാര്‍ തന്നെ തട്ടിക്കൊണ്ടു പോയിട്ടില്ലെന്ന് പരാതിക്കാരിയായ പെണ്‍കുട്ടി. യുവതിയെ കാണാനില്ലെന്ന് പറഞ്ഞ് സഹോദരന്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍. മെയ് 28ന് ശേഷം ഒരാഴ്ചയായി ഓഫീസില്‍ പോയിട്ടില്ലെന്നും
യുവതി നിലപാട് മാറ്റിയത് രാഹുലിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാവാം എന്നും പരാതിക്കാരിയുടെ കുടുംബം പറഞ്ഞിരുന്നു.
ഇതിനെ തുടര്‍ന്നാണ് തന്നെ ആരും തട്ടികൊണ്ട് പോയിട്ടില്ലെന്ന് പറഞ്ഞ് പെണ്‍കുട്ടി രംഗത്തെത്തിയത്. താന്‍ സുരക്ഷിതയാണ്. സമ്മര്‍ദ്ദം കൊണ്ടാണ് വീട്ടില്‍ നിന്ന് മാറി നില്‍ക്കുന്നത്. എന്തുകൊണ്ടാണ് മുമ്പ് ഭര്‍ത്താവിനെതിരെ അങ്ങനെ പറയേണ്ടി വന്നതെന്ന് നേരത്തെ പറഞ്ഞതാണ്. സമ്മര്‍ദ്ദം താങ്ങാന്‍ പറ്റുന്നതിന് അപ്പുറമായത് കൊണ്ടാണ് യുട്യൂബില്‍ വീഡിയോ പങ്കുവെക്കുന്നതെന്നും യുവതി പറഞ്ഞു. തന്റെ കഴുത്തിലുള്ള മുറിവ് ജന്മനാ ഉള്ളതാണ്. ആരും ഫോണ്‍ ചാര്‍ജ്ജര്‍ കൊണ്ട് ഉണ്ടാക്കിയതല്ല. കുടുംബത്തിന്റെ സമ്മര്‍ദ്ദം കൊണ്ടാണ് രാഹുലിനെതിരെ മൊഴി നല്‍കിയത്. ഭീഷണിക്ക് വഴങ്ങി നല്‍കിയ മൊഴിയാണ് എല്ലാം. സത്യങ്ങള്‍ പറയാന്‍ വൈകി പോയി. മൊഴിയിലെ വൈരുദ്ധ്യങ്ങള്‍ പരിശോധിച്ചാല്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്നും പെണ്‍കുട്ടി പറഞ്ഞു.