തിരുവനന്തപുരം: പിണറായി സര്‍ക്കാറിനെ വിമര്‍ശിച്ചും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പിന്തുണച്ചും മുതിര്‍ന്ന സിപിഎം നേതാവ് ജി സുധാകരന്‍. നരേന്ദ്ര മോദി ശക്തനായ ഭരണാധികാരിയാണ്. ബിജെപിയുടെ കേന്ദ്രമന്ത്രിമാര്‍ക്കെതിരെ അഴിമതി ആരോപണങ്ങളില്ല. കോണ്‍ഗ്രസ് ഭരണകാലത്തെ പോലെ അഴിമതി പൊട്ടിയൊഴുകുന്നില്ല. നേതാവ് ഉണ്ടെങ്കില്‍ ജനം പിന്നാലെ വരും. ഏത് പാര്‍ട്ടിയായാലും ലീഡര്‍ഷിപ്പ് പ്രധാനമാണെന്ന് ജി സുധാകരന്‍ പറഞ്ഞു. ഇന്ത്യയില്‍ മാത്രമല്ല, ഈ ലോകത്തിലുള്ള ഏതൊരാളോട് ചോദിച്ചാലും അവരെല്ലാം ഒരേ സ്വരത്തില്‍ പറയും ഇന്നു നരേന്ദ്ര മോദി തന്നെയാണ് ശക്തനായ ഭരണാധികാരിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേ സമയം, സംസ്ഥാന സര്‍ക്കാരിനെതിരെ ജി സുധാകരന്‍ രൂക്ഷ വിമര്‍ശനമുന്നയിച്ചു. ഒരാള്‍ വിചാരിച്ചാല്‍ മര്‍ക്കടമുഷ്ടി കൊണ്ടു എല്ലാവരെയും എക്കാലവും അടക്കി നിര്‍ത്താന്‍ കഴിയില്ല എന്ന സത്യം മനസിലാക്കണം. മറ്റുള്ളവര്‍ പേടിച്ച് മിണ്ടാതെ ഇരിക്കുന്നത് എന്തിനാണെന്നും ഭയപ്പെടുത്തി ഭരിക്കുന്ന കാലമൊക്കെ മാറിയെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളിലേറെ പ്രവര്‍ത്തനരാഹിത്യത്തിലാണ് ജനങ്ങള്‍ക്ക് അതൃപ്തിയുള്ളതെന്നും സുധാകരന്‍ കുറ്റപ്പെടുത്തി. മുഖ്യമന്ത്രി സംസ്ഥാനത്തെ 20 ലോക്സഭാ മണ്ഡലങ്ങളിലും പോയി പ്രചാരണോല്‍ഘാടനം നടത്തിയിട്ടും സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണി പറഞ്ഞിട്ടും കാര്യമുണ്ടായില്ല. കേരളത്തിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് സഖാക്കളുടെ ചെഞ്ചോര വീണ രക്തസാക്ഷികളുടെ ഭൂമിയായ ആലപ്പുഴയിലും പുന്നപ്രയിലുമുള്‍പ്പെടെ സിപിഎമ്മിന് കാര്യമായ വോട്ട് ചോര്‍ച്ചയുണ്ടായി. രണ്ടാം പിണറായി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ക്ക് അതൃപ്തിയുണ്ട്. പ്രസിദ്ധമായ സിപിഎം കോട്ടകളില്‍ വരെ വിള്ളലുണ്ടായി. പുന്നപ്ര വയലാറിന്റെ സ്മാരകം നില്‍ക്കുന്നിടത്ത് പോലും സിപിഎം മൂന്നാം സ്ഥാനത്തേക്ക് പോയി. സമുന്നത നേതാക്കള്‍ ജനങ്ങളില്‍ നിന്നും അകന്നു പോവുന്നുവെന്നും പാര്‍ട്ടി നേരിട്ട ഈ തിരിച്ചടിയുടെ ഉത്തരവാദിത്വത്തില്‍ നിന്നും ഒളിച്ചോടാന്‍ അവര്‍ക്കാര്‍ക്കും കഴിയില്ലെന്നും ജി സുധാകരന്‍ തുറന്നടിച്ചു.
നരേന്ദ്രമോദിയ്ക്കൊപ്പം മികച്ച പ്രവര്‍ത്തന നിരതരായ ഒരു കാബിനറ്റും കഴിഞ്ഞ 10 വര്‍ഷം അവരവരുടെ മികച്ച ട്രാക്ക് റെക്കോര്‍ഡ് ഉയര്‍ത്തിക്കാട്ടി ഒപ്പം ഉണ്ടായിരുന്നു. അതോടൊപ്പം തന്നെ ഈ കാലയളവില്‍ ഒരു കേന്ദ്രമന്ത്രിക്കെതിരെയും അഴിമതി ആരോപണങ്ങള്‍ ഒരുകോണില്‍ നിന്നും ഉയര്‍ന്നു കേട്ടിട്ടില്ല എന്നത് ഏറെ പ്രശംസനീയമാണ്. ഇന്നും നരേന്ദ്ര മോദിയുടെ ക്യാബിനറ്റില്‍ കാര്യമായ വ്യത്യാസങ്ങള്‍ ഉണ്ടായിട്ടില്ല. എന്‍ ഡിഎ തെരഞ്ഞെടുപ്പില്‍ പുറത്തു വിട്ട കാര്യങ്ങള്‍ നടപ്പാക്കാന്‍ കഴിവും കാര്യശേഷിയുമുള്ള അവരുടെ മന്ത്രിമാര്‍ക്കാണ് പ്രധാന ചുമതലകള്‍ നല്‍കിയിരിക്കുന്നത്. ഇടതു വലതു പക്ഷങ്ങള്‍ ബിജെപി ഒരു ഹിന്ദു വര്‍ഗീയ പാര്‍ട്ടിയെന്നു കാലങ്ങളായി ജനമനസുകളില്‍ കുത്തിവെച്ചിരിക്കുകയാണ്. കഴിഞ്ഞ 10 വര്‍ഷത്തെ മോദി സര്‍ക്കാരിന്റെ വിവിധ ജനകീയ ഉത്തേജന പദ്ധതിയുടെ ഗുണഭോക്താക്കള്‍ മുഴുവന്‍ ജാതിമതവര്‍ഗഭേദമന്യേ ഈ രാജ്യത്തെ ദരിദ്രരായ ജനങ്ങളായിരുന്നു, അതും കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിഞ്ഞുവെന്നും ജി സുധാകരന്‍ പറഞ്ഞു.
ആത്മാര്‍ത്ഥമായി പ്രാദേശിക നേതാക്കള്‍ പ്രവര്‍ത്തിച്ചാല്‍ ബിജെപിക്ക് സമീപ ഭാവിയില്‍ തഴച്ചു വളരാന്‍ കഴിയുന്ന വേരോട്ടമുള്ള ഫലപൂയിഷ്ടമായ മണ്ണാണ് കേരളമെന്ന യാഥാര്‍ഥ്യവും ബിജെപിയുടെ വോട്ടുശതമാനത്തില്‍ വന്ന വര്‍ദ്ധനവും പാര്‍ട്ടി ദേശിയ നേതൃത്വം തിരിച്ചറിഞ്ഞിട്ടുണ്ട്. ബിജെപി ഭാവിയില്‍ കേരളത്തില്‍ മൂന്നാമത്തെ ശക്തികേന്ദ്രമായേക്കും, അതോടെ ഇടതുപക്ഷ -വലതുപക്ഷ മുന്നണികളുടെ കെട്ടുറപ്പില്‍ പ്രകടമായ ഉലച്ചിലുകളും ശക്തിക്ഷയവും സംഭവിക്കാന്‍ സാധ്യതയുണ്ട്. സുരേഷ് ഗോപിക്ക് കാബിനറ്റ് പദവി നല്‍കണമായിരുന്നുവെന്നും മത്സരിച്ച് കഷ്ടപ്പെട്ടാണ് സുരേഷ് ഗോപി അധികാരത്തില്‍ എത്തിയതെന്നും ജി. സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.