ബോച്ചേ ടീ ലോട്ടറി തട്ടിപ്പാണെന്ന് വെളിപ്പെടുത്തി യുവാവ്. അഞ്ചല്‍ ഇടമുളയ്ക്കല്‍ സ്വദേശി അയ്യപ്പനാണ് പരാതിയുമായി രംഗത്തെത്തിയത്. നാലായിരം രൂപക്ക് അടുത്ത് തേയില പാക്കറ്റുകള്‍ എടുത്തിട്ടുണ്ടെന്നാണ് യുവാവ് പറയുന്നത്. അതില്‍ 100 രൂപയാണ് ലോട്ടറി പ്രൈസ് അടിച്ചത്. എന്നാല്‍ പണം ഇതുവരെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ആയിട്ടില്ല. കസ്റ്റമര്‍ കെയര്‍ നമ്പറുമായി ബന്ധപ്പെട്ടിട്ടും യാതൊരുവിധ പ്രതികരണവുമില്ലായിരുന്നു. പിന്നീട് തേയില പാക്കറ്റുകളിലെ നമ്പറുകളില്‍ മാറി മാറി വിളിച്ചതിന് ശേഷമാണ് പ്രതികരണമുണ്ടായത്.
എന്നാല്‍, ആദ്യം ബാങ്ക് അക്കൗണ്ട് നമ്പര്‍ അയക്കാനായിരുന്നു പറഞ്ഞത്. പിന്നീട് ഗൂഗിള്‍ പേ നമ്പറും ചോദിച്ചു. എന്നാല്‍ പറഞ്ഞ ദിവസത്തിനുള്ളില്‍ പണം കയറിയില്ല. പിന്നീട് അന്വേഷിച്ചപ്പോള്‍ ആധാര്‍ നമ്പറും ഇ മെയില്‍ ഐഡി ഉണ്ടെങ്കില്‍ മാത്രമേ പൈസ അയച്ച് തരികയുള്ളൂവെന്നാണ് അധികൃതര്‍ പറഞ്ഞത്. വെറും നൂറ് രൂപ മാത്രമാണ് യുവാവിന് ലോട്ടറിയില്‍ കിട്ടിയിട്ടുള്ളത്. ഇത്രയും ചെറിയ തുക പോലും ട്രാന്‍സ്ഫര്‍ ചെയ്യാത്തവര്‍ എങ്ങനെയാണ് ലക്ഷങ്ങള്‍ നല്‍കുകയെന്നും യുവാവ് ചോദിച്ചു. തന്റെ പക്കലുള്ള തേയിലപാക്കറ്റുകള്‍ യുവാവ് പലര്‍ക്കും ഫ്രീയായി നല്‍കുകയാണ് ഇപ്പോള്‍. തന്റെ കൂട്ടുകാര്‍ക്കും ഇതേ അവസ്ഥ തന്നെയാണ് സംഭവിച്ചതെന്നും അയ്യപ്പന്‍ പറഞ്ഞു.
40 രൂപയ്ക്കാണ് ബോച്ചേ ഒരു പാക്കറ്റ് തേയില വില്‍ക്കുന്നത്. അതിന്റെ ഭാഗമായാണ് നറുക്കെടുപ്പ് നടത്തുന്നത്. ഒരു ദിവസം പത്ത് ലക്ഷം രൂപയുടെ സമ്മാനവും 13704 മറ്റു സമ്മാനങ്ങളുമാണ് ബോച്ചേ നല്‍കുന്നതെന്നാണ് പറയപ്പെടുന്നത്. നിരവധി പേര്‍ക്ക് ലോട്ടറി അടിക്കുന്നുണ്ട്. എന്നാല്‍ പണം ലഭിക്കുന്നുണ്ടോ എന്നതില്‍ വ്യക്തതയില്ല. ചെമ്മണ്ണൂര്‍ ജ്വല്ലറില്‍ കിട്ടുന്ന കൂപ്പണുകളും ഇതു പോലെ തട്ടിപ്പാണെന്നും യുവാവ് ആരോപിച്ചു.