കൊച്ചി: ജനജീവിതം താറുമാറാക്കി നിത്യോപയോഗ സാധനങ്ങള്‍ക്ക് വില കുതിച്ചുയരുന്നു. തമിഴ്നാട്ടില്‍നിന്നുള്ള പച്ചക്കറിയുടെ വരവ് കുറഞ്ഞത്, കേരളത്തിലെ വില വര്‍ധനയ്ക്ക് കാരണമായെന്ന് കച്ചവടക്കാര്‍ ചൂണ്ടിക്കാട്ടുന്നു. തക്കാളി, വലിയ ഉള്ളി, പച്ചമുളക് തുടങ്ങി എല്ലാ വിധ പച്ചക്കറികള്‍ക്കും പൊള്ളുന്ന വിലയാണ്. അതോടൊപ്പം കടലില്‍ ട്രോളിങ്ങിനെ തുടര്‍ന്ന് മത്സ്യ വിലയും വര്‍ധിച്ചത് സാധാരണക്കാര്‍ക്കു തിരിച്ചടിയായി. കിലോയ്ക്ക് 300 രൂപയോടടുത്താണു വിപണിയിലെ വില.
കഴിഞ്ഞ വര്‍ഷം ജൂണിലുണ്ടായിരുന്നതിനേക്കാള്‍ വിലവര്‍ധനവാണ് ഈ വര്‍ഷം പച്ചക്കറി വിലയില്‍ സംഭവിച്ചിരിക്കുന്നതെന്നും കച്ചവടക്കാര്‍ പറയുന്നു. കാരറ്റ് വില 80 രൂപയായിരിക്കുകയാണ്. ഒട്ടുമിക്ക പച്ചക്കറികളുടെയും വില കിലോയ്ക്ക് നൂറ് രൂപയ്ക്ക് മുകളിലാണ്. തക്കാളി 100, ബീന്‍സ് 120, വെളുത്തുള്ളി 300, മുരിങ്ങക്കായ 200 എന്നിങ്ങനെയാണ് മറ്റു പച്ചക്കറികളുടെ വില.