ആലപ്പുഴ സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ അനുകൂലിച്ച് എംഎല്‍എമാര്‍. സിപിഎം സെക്രട്ടറിയുടെ അഭിപ്രായത്തെ തള്ളി വെള്ളാപ്പള്ളിക്ക് പിന്തുണ പ്രഖ്യാപിച്ചത് എച്ച് സലാമും പി പി ചിത്തരഞ്ജന്‍ എംഎല്‍എയും. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ അഭിപ്രായത്തെ തള്ളി കൊണ്ടാണ് ഇരുവരും വെള്ളാപ്പള്ളിയെ പിന്തുണച്ച് കൊണ്ട് ജില്ലാ കമ്മിറ്റിയില്‍ സംസാരിച്ചത്. മലബാര്‍ മേഖലയില്‍ വോട്ട് ചോര്‍ന്നത് വെള്ളാപ്പള്ളിയുടെ ഇടപെടല്‍ മൂലമാണോ എന്ന് എച്ച് സലാം ചോദിച്ചു. എച്ച് സലാം പറഞ്ഞതിനെ പിന്തുണച്ചും വെള്ളാപ്പള്ളിയെ ന്യായീകരിച്ചും പി പി ചിത്തരഞ്ജന്‍ സംസാരിച്ചു. വെള്ളാപ്പള്ളിക്കെതിരെ സിപിഐഎം സ്വീകരിച്ച പൊതു നിലപാടിന് വിരുദ്ധമായാണ് ഇരുവരും നിലപാട് സ്വീകരിച്ചത്. സിപിഎമ്മില്‍ നിന്ന് വോട്ട് അകന്നത് വെള്ളാപ്പള്ളിയുടെ ഇടപെടല്‍ മൂലം അല്ലെന്ന് തറപ്പിച്ചു പറഞ്ഞുകൊണ്ടാണ് എച്ച് സലാം പിന്തുണ അറിയിച്ചിട്ടുള്ളത്. പാര്‍ട്ടി നിലപാടുകളെ പരസ്യമായി ജില്ലാ കമ്മിറ്റിയില്‍ ധിക്കരിക്കുകയാണ് രണ്ട് എംഎല്‍എമാരും ചെയ്തിട്ടുള്ളതെന്നാണ് പുറത്തു വരുന്ന വിവരം.
സിപിഎം സംസ്ഥാന കമ്മിറ്റിയിലും ദേശാഭിമാനിയിലെ തന്റെ ലേഖനത്തിലൂടെയും വെള്ളാപ്പള്ളിയെ പരസ്യമായി വിമര്‍ശിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് തിരിച്ചടി നല്‍കുന്നതാണ് എച്ച് സലാമിന്റേയും പി പി ചിത്തരഞ്ജന്റെയും നിലപാടുകള്‍. എംവി ഗോവിന്ദന്റെ നിലപാടുകളെ പരസ്യമായി വിമര്‍ശിക്കുകയും സിപിഎമ്മിന്റെ പിടിപ്പുകേടാണ് സംസ്ഥാനത്താകമാനം പരാജയത്തിന് കാരണമായതെന്നും എച്ച് സലാമും പി പി ചിത്തരഞ്ജനും ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റില്‍ പറഞ്ഞു. എ എം ആരിഫിനെതിരെയും രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. ദുര്‍ബലനായ ഒരു സ്ഥാനാര്‍ത്ഥിയാണ് എഎം ആരിഫെന്ന് എച്ച് സലാം അഭിപ്രായപ്പെട്ടു.
അതേ സമയം, എച്ച് സലാമിനെതിരെ സിപിഎമ്മില്‍ വ്യാപകമായ പ്രതിഷേധം ശക്തമാകുകയാണ്. ജി സുധാകരന്‍ സലാമിനെതിരെ പരസ്യമായി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. മുന്‍മന്ത്രിയായ ജി സുധാകരന്റെ നിലപാടുകളെ വിമര്‍ശിച്ച് സലാമും രംഗത്തെത്തിയിരുന്നു. എച്ച് സലാമിന് പിഎഫ്‌ഐയുമായി ബന്ധമുണ്ടെന്നും പല തരം പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങളിലെല്ലാം പങ്കുണ്ടെന്നും സിപിഎമ്മിലെ ഒരു വിഭാഗം ഉയര്‍ത്തിയിരുന്നു. അതോടൊപ്പം തന്നെ പി പി ചിത്തരഞ്ജന്റെ സാമ്പത്തിക സ്രോതസ്സുകള്‍ അടക്കം അന്വേഷിക്കണമെന്ന് സിപിഎമ്മില്‍ പരാതികളുണ്ട്. ചിത്തരഞ്ജന്റെ മകളുടെ വിവാഹവുമായി ബന്ധപ്പെട്ടെല്ലാം പല തരത്തിലുള്ള ആരോപണങ്ങളാണ് ഉയര്‍ന്നിരുന്നത്. വെള്ളാപ്പള്ളിക്ക് പിന്തുണ നല്‍കിയ എച്ച് സലാമിനും ചിത്തരഞ്ജനുമെതിരെ സിപിഎമ്മില്‍ പ്രതിഷേധം ശക്തമാവുകയാണ്. രണ്ട് ജനപ്രതിനിധികളും പാര്‍ട്ടിവിരുദ്ധ നിലപാടാണ് കൈകൊണ്ടിട്ടുള്ളതെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നുയരുന്ന ആക്ഷേപം.
കെസി വേണുഗോപാല്‍ മത്സരിച്ചില്ലായിരുന്നെങ്കില്‍ ആലപ്പുഴയില്‍ ശോഭാസുരേന്ദ്രന്‍ വിജയിക്കുമായിരുന്നു. ആരിഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമായിരുന്നു. എഎം ആരിഫ് ദുര്‍ബല സ്ഥാനാര്‍ത്ഥിയാണെന്നും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പാളിച്ച സംഭവിച്ചുവെന്നും ആരിഫിന്റെ സ്ഥാനാര്‍ത്ഥിത്തത്തോടെ തോല്‍വിയുടെ പ്രഹരം കൂടിയെന്നും ജില്ലാ സെക്രട്ടറിയേറ്റ് വിലയിരുത്തി. ആലപ്പുഴയില്‍ തോമസ് ഐസക് മത്സരിക്കണമായിരുന്നു. ജി സുധാകരനെ പോലെയുള്ളവരെ അനുനയിപ്പിക്കുകയാണ് വേണ്ടിയിരുന്നത്. അല്ലാതെ തോല്‍വിയില്‍ വെള്ളാപ്പള്ളിക്ക് പങ്കില്ല. അടിസ്ഥാന വര്‍ഗം വിട്ടു നിന്നുവെന്ന് നേരത്തെ തന്നെ വെള്ളാപ്പള്ളി സൂചന നല്‍കിയിരുന്നു. ഇനിയും വെള്ളാപ്പള്ളിയെ പിണക്കേണ്ടതില്ലെന്നും ജില്ലാ എംഎല്‍എമാര്‍ പറഞ്ഞു.
കൂടാതെ, മന്ത്രിമാര്‍ക്കെതിരെയും രൂക്ഷ വിമര്‍ശനമുയര്‍ന്നു. മന്ത്രിമാരുടെ പേരെടുത്ത് പറഞ്ഞാണ് സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ വിമര്‍ശനം. ജനങ്ങളുമായി കൂടുതല്‍ ബന്ധപ്പെട്ട വകുപ്പുകളുടെ പ്രവര്‍ത്തനം പോരെന്നും തെരഞ്ഞെടുപ്പ് തോല്‍വിക്ക് പ്രധാന കാരണമായത് വകുപ്പുകളുടെ പരാജയമാണെന്നും വിമര്‍ശനം ഉയര്‍ന്നു. ധന- ആരോഗ്യ വകുപ്പുകള്‍ സമ്പൂര്‍ണ പരാജയമാണെന്നും യോഗത്തില്‍ വിമര്‍ശിച്ചു.