പാരീസ് ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ ഇത് വരെയുള്ളതില്‍ വെച്ച് ഏറ്റവും മികച്ച മെഡല്‍ നേട്ടം ഉറപ്പിക്കപ്പെട്ടു. ഇനിയത് സ്വര്‍ണ്ണമായാലും വെള്ളിയായാലും രാജ്യത്തിന് അഭിമാനം. ഇതോടെ പാരിസ് ഒളിമ്പിക്‌സില്‍ പുതുചരിത്രം കുറിക്കാന്‍ ഒരുങ്ങുകയാണ് വിനേഷ് ഫോഗട്ട.് ആദ്യമായാണ് ഇന്ത്യന്‍ വനിത താരം ഗുസ്തി ഫൈനലില്‍ എത്തുന്നത്. രാത്രി 11.23ന് നടക്കുന്ന ഫൈനലില്‍ അമേരിക്കയുടെ സാറാ ഹില്‍ഡര്‍ബ്രാന്‍ഡ്ട് ആണ് വിനേഷിന്റെ എതിരാളി. ഇതോടെ ഒളിമ്പിക് ഗുസ്തിയില്‍ ഫൈനലില്‍ കടക്കുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമെന്ന നേട്ടവും വിനേഷിന് സ്വന്തമായി.
മനസ്സില്‍ സൂക്ഷിച്ച നീതിക്കായുള്ള കനല്‍ ഗോദയില്‍ പോരാട്ട വീര്യമായി ആളിക്കത്തുകയാണ്. ഒരു ജേതാവിന്റെ ശരീരഭാഷയും പോരാട്ട മികവും പ്രകടിപ്പിച്ചാണ് വിനേഷ് ചരിത്ര ഫൈനലിലേക്ക് പോകുന്നത്. ബ്രിജ് ഭൂഷണന്റെയും ആ ലോക ഫ്രോഡിനെ പിന്തുണച്ച ഗുസ്തി ഫെഡറേഷന്റെയും അവളെ തെരുവില്‍ കൈകാര്യം ചെയ്യാനിറങ്ങിയ ശിങ്കിടികളുടെയും മുഖത്തടിച്ചു കൊണ്ടുള്ള മറുപടി കൂടെയാണ് ഫോഗട്ട് അടയാളപ്പെടുത്തിയത്.
ഒളിമ്പിക്‌സ് ഗുസ്തി മത്സരത്തിന് ശേഷം കമന്റേറ്റര്‍മാര്‍ പറഞ്ഞത്: ”അവളുടെ ചെറുത്ത്‌നില്‍പ്പ് നോക്കൂ, സ്വന്തം രാജ്യത്ത് പ്രതിഷേധങ്ങളുടെ കഠിനമായ ഒരു വര്‍ഷമാണ് അവള്‍ക്കുണ്ടായിരുന്നത്, അവള്‍ തെരുവുകളില്‍ കരയുന്നത് കണ്ടു, പക്ഷേ അതൊന്നും ഇന്ന് അവളുടെ വഴിയില്‍ വന്നില്ല, അവള്‍ ഒരു യോദ്ധാവിനെപ്പോലെ പോരാടി എന്നാണ്.
പാരീസ് ഒളിമ്പിക്‌സില്‍ ക്യൂബയുടെ യൂസ്ലിലിസ് ഗുസ്മാന്‍ ലോപ്പസിനെ 5-0ന് തോല്‍പിച്ചാണ് വിനേഷ് ഫോഗട്ട് വനിതകളുടെ 50 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയുടെ ഫൈനലിലെത്തിയത്. ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ വനിതാ ഗുസ്തി താരമാണ്. അസാധാരണമായ ഒരു നേട്ടമാണ് വിനേഷ് ഫോഗട്ടിന്റെതെന്ന് ലോകമൊന്നാകെ പറയുന്നു.