മലയാളം ടെലിവിഷന്‍ ന്യൂസ് ചാനലുകളുടെ ബാര്‍ക്ക് റേറ്റിങില്‍ എന്നും ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ഏഷ്യാനെറ്റ് ന്യൂസിനെ കടത്തിവെട്ടി 24 ന്യൂസ് ചാനല്‍. ഒന്നാം സ്ഥാനത്ത് എന്നും നിലയുറപ്പിച്ചിരുന്ന ചാനലാണ് ഏഷ്യാനെറ്റ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഏഷ്യാനെറ്റ് ന്യൂസിന് കടുത്ത വെല്ലുവിളി ഉയര്‍ത്തി രണ്ടാം സ്ഥാനത്തുണ്ടായിരുന്ന 24 ന്യൂസാണ് ഏറ്റവും പുതിയ ബാര്‍ക്ക് റേറ്റിങില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കിയിരിക്കുന്നത്. ശ്രീകണ്ഠന് നായര്‍ നേതൃത്വം നല്കുന്ന 24 ചാനല്‍ 150 പോയിന്റുമായാണ് ഒന്നാംസ്ഥാനത്തെത്തിയത്. ഏഷ്യാനെറ്റ് ന്യൂസിന് ബാര്‍ക്കില്‍ 147 പോയിന്റ് മാത്രമാണ് നേടാനായത്.
അതോടൊപ്പം കഴിഞ്ഞ കുറച്ച് ആഴ്ചകളായി ലോറി ഡ്രൈവര്‍ അര്ജുന് വേണ്ടിയുള്ള ഷിരൂരിലെ തിരച്ചില്‍, വയനാട് ഉരുള്‍പൊട്ടല്‍ എന്നിവയായിരുന്നു പ്രധാനപ്പെട്ട വാര്‍ത്തകള്‍. ആളുകള്‍ കൂടുതലായി ടിവി ചാനലുകളില്‍ ശ്രദ്ധകേന്ദ്രീകരിച്ച ഈ ദിവസങ്ങളില്‍ 24 ന്യൂസും റിപ്പോര്‍ട്ടറും വലിയ കുതിപ്പാണ് നടത്തിയിരിക്കുന്നത്. മനോരമ ന്യൂസിനേയും മാതൃഭൂമി ന്യൂസിനേയും കടത്തി വെട്ടിയാണ് റിപ്പോര്‍ട്ടര്‍ കുതിച്ചുയര്‍ന്നത്. മൂന്നാം സ്ഥാനത്ത് എത്തിയ റിപ്പോര്‍ട്ടര്‍ ടിവി 116 പോയിന്റാണ് സ്വന്തമാക്കിയത്.
150 പോയിന്റുമായാണ് മുപ്പത്തിയൊന്നാം ആഴ്ചയില്‍ 24 ന്യൂസ് ആദ്യമായി ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. ഇതോടെ ഇക്കാലമത്രയും ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്ന ഏഷ്യാനെറ്റ് ന്യൂസ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 147 പോയിന്റാണ് അവര്‍ക്ക് ഈ ആഴ്ച ലഭിച്ചത്. മുപ്പതാം ആഴ്ചയില്‍ ഏഷ്യാനെറ്റ് ന്യൂസിന് 125 പോയിന്റും 24 ന്യൂസിന് 112 പോയിന്റുമായിരുന്നു. റിപ്പോര്‍ട്ടര്‍ ചാനല്‍ തങ്ങളുടെ മൂന്നാം സ്ഥാനം നിലനിര്‍ത്തിയെന്ന് മാത്രമല്ല ആദ്യമായി നൂറിന് മുകളിലേക്ക് (116) തങ്ങളുടെ പോയിന്റ് നില എത്തിക്കുകയും ചെയ്തു. മനോരമ ന്യൂസിനും മാതൃഭൂമിക്കും ബാര്‍ക്കില്‍ വലിയ തിരിച്ചടിയാണ് ഉണ്ടായത്. മനോരമക്ക് കേവലം 77 പോയിന്റായിരുന്നു. സ്വാഭാവികമായും ഒന്നും രണ്ടും സ്ഥാനത്തുള്ള 24 ന്യൂസിനും ഏഷ്യാനെറ്റിനും ഭീഷണി ഉയര്‍ത്തുന്ന തരത്തിലുള്ള മുന്നേറ്റമാണ് റിപ്പോര്‍ട്ടറിന്റേത്.
സംഘപരിവാര്‍ അനുകൂല ചാനലായ ജനം ടിവിക്ക് ഇക്കുറി ടിആര്‍പിയില്‍ വന്‍ വീഴ്ച്ചയാണ് ഉണ്ടായിരിക്കുന്നത്. പതിവായി ഏഴാം സ്ഥാനം പങ്കിടാറുള്ള ജനത്തിന് ഇക്കുറി ആസ്ഥാനം നഷ്ടമായി. ന്യൂസ് 18 മലയാളമാണ് 24 പോയിന്റുമായി ഇക്കുറി ഏഴാം സ്ഥനത്ത് നില്‍ക്കുന്നത്. ബാര്‍ക്ക് റേറ്റില്‍ ഏറ്റവും പിന്നില്‍ ഇത്തവണ ജനം ടിവിയാണ്. 21 പോയിന്റുമായി എട്ടാം സ്ഥാനത്ത് എത്താന്‍ മാത്രമെ ജനം ടിവിക്കായുള്ളൂ.