മലയാള സിനിമ മേഖലയിലെ താരങ്ങള്‍ക്കെതിരെ പുറത്തുവരുന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ അമ്മ സംഘടന പിരിച്ചുവിടണമെന്ന ആവശ്യമുന്നയിച്ച് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ദേശീയ സംഘടന ജനറല്‍ സെക്രട്ടറി ഡോ.രാജീവ്‌മേനോന്‍. സിനിമ ലോകത്തെ ചതിക്കുഴികളും ഇരട്ടത്താപ്പുമെല്ലാം പുറത്തായതോടെ സമൂഹത്തിനാകെ അമ്മ സംഘടന അപമാനമായി മാറിയിരിക്കുകയാണ്. കേരളാ പോലീസ് അന്വേഷിച്ചത് കൊണ്ട് യഥാര്‍ത്ഥ പ്രതിയെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരാനാവില്ല. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ കേന്ദ്ര ഏജന്‍സി സമഗ്രമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹേമകമ്മിറ്റി റിപ്പോര്‍ട്ടില്‍ അമ്മ സംഘടനയിലെ ഉന്നതരില്‍ പലരും ആരോപണ വിധേയരാണ്. സര്‍ക്കാര്‍ ഇരയോടൊപ്പം എന്ന് പറയുന്നുണ്ടെങ്കിലും വേട്ടക്കാര്‍ക്കൊപ്പമാണ് നില്‍ക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായിട്ട് കേരളം അതിന് സാക്ഷ്യം വഹിച്ചു. സിനിമ മേഖലയെ ഗുരുതരമായി ബാധിച്ച ഹേമകമ്മീഷനില്‍ അമ്മ സംഘടനയും ആടിയുലയുകയാണ്. ഒന്നിന് പുറകേ ഒന്നായി താരങ്ങള്‍ക്കെതിരെ ലൈംഗികാരോപണങ്ങള്‍ വരുമ്പോള്‍ സംഘടനയുടെ തലപ്പത്തുള്ളവര്‍ മൗനം പാലിച്ചിരിക്കുകയാണെന്നും ഡോ.രാജീവ്‌മേനോന്‍ പറഞ്ഞു. സമൂഹത്തില്‍ നിലയും വിലയുമുള്ള താരങ്ങളാണ് ആരോപണത്തിന് വിധേയമായത്. ആരാധനയോടെ നോക്കി കാണുന്ന താരങ്ങളെ കുറിച്ചുള്ള ലൈംഗികാരോപണങ്ങള്‍ ഞെട്ടലോടെയാണ് മലയാളി കേള്‍ക്കുന്നത്. അമ്മ പോലുള്ളൊരു സംഘടന കേരളത്തിന് അപമാനമാണെന്നും സംഘടന പിരിച്ചുവിടണമെന്നും ഡോ.രാജീവ്‌മേനോന്‍ ആവശ്യപ്പെട്ടു. സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കി കേന്ദ്ര ഏജന്‍സി ഇടപ്പെട്ട് അന്വേഷണം നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മലയാള സിനിമാ ലോകത്ത് വ്യപകമായി ചൂഷണം നടക്കുന്നുണ്ടെന്ന് നിരവധി പേര്‍ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി തുറന്നു പറഞ്ഞിട്ടും സര്‍ക്കാരോ അമ്മ സംഘടനയോ ഇത് വരെ നിയമനടപടി സ്വീകരിച്ചിട്ടില്ല. വര്‍ഷങ്ങളായി മലയാള സിനിമ വാഴുന്ന താര രാജക്കന്മാരും പ്രതികരണത്തിന് തയ്യാറായിട്ടില്ല. അതിക്രമം കാണിക്കുന്നവരെ സംരക്ഷിക്കുകയും അവര്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്താനും ആളുകളുണ്ട്. അഭിനയത്തോട് അഭിനിവേശമുള്ള പലരും തങ്ങള്‍ക്ക് നേരെയുണ്ടായ അതിക്രമങ്ങള്‍ ക്ഷമിച്ചും സഹിച്ചുമാണ് സിനിമ മേഖലയില്‍ തുടരുന്നത്. സമൂഹത്തിനോട് പ്രതിബദ്ധത കാണിക്കേണ്ടവരാണ് ഇത്തരത്തില്‍ സ്ത്രീകളെ ചൂഷണം ചെയ്തത്. അവസരത്തിന് വേണ്ടി വിട്ടുവീഴ്ച ചെയ്യേണ്ട അവസ്ഥയാണ് സ്ത്രീകള്‍ക്കെന്നാണ് റിപ്പോര്‍ട്ടുകള്‍. വര്‍ഷങ്ങളായുള്ള സിനിമയെന്ന സ്വപ്‌നം സഫലീകരിക്കാന്‍ എത്തുന്ന സ്ത്രീകളെയാണ് ഇത്തരത്തില്‍ ശാരീരികമായി ചൂഷണം ചെയ്യുന്നത്. ഒരിക്കലും പുറത്ത് വരില്ലെന്ന ധൈര്യത്തോടെയാണ് പലരും വേട്ടക്കിറങ്ങുന്നത്. പുതുമുഖങ്ങള്‍ ഇനി സിനിമ ലോകത്തേക്ക് വരാന്‍ രണ്ട് തവണയില്‍ കൂടുതല്‍ ആലോചിക്കേണ്ട അവസ്ഥയാണ്. വഴിവിട്ട കാര്യങ്ങള്‍ ചെയ്യാന്‍ സംവിധായകരും നിര്‍മ്മാതക്കളുമടക്കം നിര്‍ബന്ധിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. സഹകരിക്കാന്‍ തയ്യാറാവാത്തവര്‍ക്ക് അവസരം നിഷേധിക്കുമ്പോള്‍ ആരാണ് മലയാള സിനിമ ഭരിക്കുന്നതെന്ന് സമഗ്രമായ അന്വേഷണം നടത്തണമെന്നും ഡോ.രാജീവ്‌മേനോന്‍ പറഞ്ഞു.
മൊഴി നല്‍കാന്‍ സാക്ഷികള്‍ തയ്യാറാവുന്നത് ഭയത്തോടെയാണ്. ആരെയാണ് സിനിമ മേഖല ഭയക്കുന്നത്? ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ കുറ്റാരോപിതരായ പലരുടേയും പേരുകള്‍ ഇപ്പോഴും പുറത്തുവന്നിട്ടില്ല. അഞ്ച് വര്‍ഷമായി സര്‍ക്കാര്‍ ഹേമകമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാതിരുന്നതിന് പിന്നില്‍ ആരുടെയെല്ലാം സ്വാധീനമുണ്ടെന്നും അന്വേഷിക്കേണ്ടതുണ്ട്. മലയാള സിനിമയില്‍ തമ്പ്രാന്‍ വാഴ്ച നടത്തുന്നത് ഒരു പറ്റം നടന്മാരും സംവിധായകരുമടങ്ങുന്ന ഗ്രൂപ്പാണ്. പരാതി കൊടുത്താല്‍ തങ്ങളുടെ അവസരം നഷ്ടപ്പെടുമോ എന്ന പേടിയാണ്. സ്ത്രീകള്‍ക്ക് അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ ഇവിടെ നിഷേധിക്കുകയാണ്. അടിമുടി സ്ത്രീ വിരുദ്ധതയില്‍ സിനിമ ലോകം ആര്‍ത്തുല്ലസിച്ചപ്പോള്‍ വില്ലനായെത്തിയ ഹേമകമ്മീഷന്‍ റിപ്പോര്‍ട്ടിലെ പ്രമുഖരുടെ പേരുകള്‍ പുറത്തുവിടണമെന്നും ഡോ.രാജീവ്‌മേനോന്‍ പറഞ്ഞു.