കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിറക്കി റവന്യൂവകുപ്പ്. ലാന്റ് റവന്യു ജോയിന്റ് കമ്മീഷണര്‍ എ ഗീത ഐഎഎസിനാണ് ചുമതല. പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കിയതുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ അടക്കം അന്വേഷിക്കണമെന്നാണ് ഉത്തരവ്. നേരത്തെ കണ്ണൂര്‍ കളക്ടര്‍ അരുണ്‍ വിജയനായിരുന്നു ചുമതല. എന്നാല്‍ അരുണ്‍ വിജയനെതിരെയുള്ള ഗുരുതരമായ ആരോപണങ്ങള്‍ നിലനില്‍ക്കെയാണ് ലാന്റ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ എ ഗീതയ്ക്ക് ചുമതല കൈമാറിയത്.
ഉത്തരവില്‍ ആറ് കാര്യങ്ങള്‍ അന്വേഷിക്കാനാണ് പറയുന്നത്. മരണം സംഭവിച്ചത് എങ്ങനെയാണെന്നും, ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ആരോപണങ്ങള്‍ പരിശോധിക്കുക, ദിവ്യ എന്തെങ്കിലും തെളിവുകള്‍ സമര്‍പ്പിച്ചിട്ടുണ്ടോ, എന്‍ഒസി നല്‍കിയതില്‍ അഴിമതിയുണ്ടോ, മറ്റു ആരോപണങ്ങള്‍ ഉണ്ടെങ്കില്‍ അതും പരിശോധിക്കുക എന്നീ കാര്യങ്ങള്‍ അന്വേഷിക്കാനാണ് റവന്യൂ വകുപ്പിന്റെ ഉത്തരവ്.