Newsperseconds.com

കൃത്യമായ വാക്‌സിനേഷനിലൂടെ ആട് വസന്ത തുടച്ചുമാറ്റാനാകുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി

Untitled 1

ദേശീയ ജന്തുജന്യരോഗ നിയന്ത്രണ പദ്ധതി പ്രകാരം മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കുന്ന ആടുവസന്തനിര്‍മ്മാര്‍ജ്ജന യജ്ഞത്തിന് സംസ്ഥാനത്ത് തുടക്കമായി. തിരുവനന്തപുരം കുടപ്പനക്കുന്ന് ജില്ലാ കന്നുകാലി വളര്‍ത്തല്‍കേന്ദ്രത്തില്‍ നടന്ന സൗജന്യ പ്രതിരോധ കുത്തിവെയ്പ്പ് യജ്ഞം ഒന്നാം ഘട്ടത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മൃഗസംരക്ഷണ-ക്ഷീരവികസനവകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി നിര്‍വഹിച്ചു. ഗ്രാമീണ ജനവിഭാഗങ്ങളുടെ പ്രധാന വരുമാന മാര്‍ഗങ്ങളിലൊന്നാണ് ആടു വളര്‍ത്തലെന്നും കൃത്യമായ പ്രതിരോധ മാര്‍ഗങ്ങളിലൂടെ വൈറസ് രോഗബാധയായ ആടു വസന്ത രോഗത്തെ എന്നന്നേക്കുമായി കേരളത്തില്‍ നിന്നും തുടച്ചുമാറ്റാനാകുമെന്നും മന്ത്രി പറഞ്ഞു. പക്ഷിപ്പനി, പന്നിപ്പനി, ചര്‍മ്മമുഴ ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ക്കെതിരെ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്നത്. അത്തരത്തില്‍ നിരന്തര പോരാട്ടങ്ങള്‍ ആടുവസന്ത രോഗ നിര്‍മാര്‍ജ്ജനത്തിനും ഉണ്ടാകണമെന്ന് മന്ത്രി വ്യക്തമാക്കി.

പ്രത്യേക പരിശീലനം ലഭിച്ച പശുസഖിമാരുടെ സേവനം ആടു വസന്തരോഗത്തിനെതിരായ പ്രതിരോധ കുത്തിവെയ്പ്പ് യജ്ഞത്തില്‍ പ്രയോജനപ്പെടുത്തുമെന്നും പതിനഞ്ച് ദിവസം കൊണ്ട് ക്യാമ്പയിന്റെ ഒന്നാംഘട്ടം പൂര്‍ത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു. വെറ്ററിനറി ഡോക്ടര്‍മാരുടെ കൃത്യമായ മേല്‍നോട്ടം ക്യാമ്പയിനിലുണ്ടാകുമെന്നും ഏത് അടിയന്തരസാഹചര്യവും നേരിടാന്‍ മൃഗസംരക്ഷണവകുപ്പ് സജ്ജമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 2030തോടെ ആടുവസന്തരോഗം നിര്‍മാര്‍ജനം ചെയ്യാന്‍ ലക്ഷ്യമിട്ടാണ് പ്രതിരോധ കുത്തിവെയ്പ് യജ്ഞം സംഘടിപ്പിക്കുന്നത്. നവംബര്‍ അഞ്ച് വരെ നടക്കുന്ന യജ്ഞത്തില്‍ നാല് മാസത്തിന് മുകളില്‍ പ്രായമുള്ള പതിമൂന്നരലക്ഷത്തോളം ആടുകള്‍ക്കും ആയിരത്തഞ്ഞൂറോളം ചെമ്മരിയാടുകള്‍ക്കും പ്രതിരോധകുത്തിവെയ്പ്പ് നല്‍കാനാണ് വകുപ്പ് ലക്ഷ്യമിടുന്നത്.

വെറ്ററിനറി ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ അസിസ്റ്റന്റ് ഫീല്‍ഡ് ഓഫീസര്‍മാരും ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാരും കര്‍ഷകരുടെ വീട്ടിലെത്തി സൗജന്യ പ്രതിരോധ കുത്തിവെയ്പ് നല്‍കും. കുത്തിവെയ്പ്പിന്റെ വിവരങ്ങള്‍ ഭാരത് പശുധന്‍ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യും. സംസ്ഥാനത്തുടനീളം 1819 സ്‌ക്വാഡുകളെയാണ് പ്രതിരോധ കുത്തിവെയ്പിനായി നിയോഗിച്ചിരിക്കുന്നത്. ഓരോ സ്‌ക്വാഡും പ്രതിദിനം 50 മൃഗങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കും. ഒരു പ്രദേശത്ത് രണ്ട് സ്‌ക്വാഡുകളാണ് പ്രവര്‍ത്തിക്കുന്നത്. വി.കെ പ്രശാന്ത് എം.എല്‍.എ ചടങ്ങില്‍ അധ്യക്ഷനായിരുന്നു. മൃഗസംരക്ഷണ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ.കെ.സിന്ധു, എസ്.എല്‍.ബി.പി അഡീഷണല്‍ ഡയറക്ടര്‍ ഡോ.ജിജിമോന്‍ ജോസഫ്, പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ഡോ.അനിത പി.വി, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.പി.എസ് ശ്രീകുമാര്‍, എന്നിവരും പങ്കെടുത്തു.

Share this Article

Leave a Comment