തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാറിന്റെ വ്യാപാര വിരുദ്ധ നയങ്ങള്‍ക്കെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ രാജ്ഭവനിലേക്ക് വ്യാപരികളുടെ പ്രതിഷേധം അണപൊട്ടി. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് വ്യാപാരികള്‍ മാര്‍ച്ച് നടത്തിയത്. വ്യാഴാഴ്ച രാവിലെ 10.30ന് മ്യൂസിയം ജങ്ഷനില്‍ നിന്ന് രാജ് ഭവനിലേക്ക് നടത്തിയ മാര്‍ച്ചില്‍ പതിനായിരങ്ങള്‍ അണി നിരന്നു.
കുത്തകകളില്‍ നിന്നും ഓണ്‍ലൈന്‍ ഭീമന്മാരില്‍ നിന്നും ചെറുകിട വ്യാപാരികളെ സംരക്ഷിക്കുക, കെട്ടിട വാടകയുടെ മേല്‍ ജി.എസ്.ടി ബാധ്യത വ്യാപാരികളുടെ തലയില്‍ കെട്ടിവെച്ച തീരുമാനം പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കണമെന്ന് സമരം ഉദ്ഘാനം ചെയ്ത ഭാരതീയ ഉദ്യോഗ് മണ്ഡല്‍ ദേശീയ പ്രസിഡന്റ് ബാബുലാല്‍ഗുപ്ത ആവശ്യപ്പെട്ടു. സര്‍ക്കാറിന്റെ കൈത്താങ്ങില്ലാതെ ഈ ഘട്ടത്തില്‍ ചെറുകിട വ്യാപാരികള്‍ക്ക് പിടിച്ചുനില്‍ക്കാനാവില്ല. വ്യാപാരികളെ ചേര്‍ത്തുപിടിക്കേണ്ടതിനു പകരം അവര്‍ക്കുമേല്‍ കടുത്ത നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നതെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച സംസ്ഥാന പ്രസിഡന്റ് രാജു അപ്സര പറഞ്ഞു.
ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കെട്ടിട വാടകക്കുമേലുള്ള ജി.എസ്.ടി വ്യാപാരിയുടെ തലയില്‍ കെട്ടിവെച്ച നിബന്ധനയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുന്ന കെട്ടിടങ്ങളില്‍ നിന്നുള്ള വാടക റിവേഴ്‌സ് ചാര്‍ജ് മെക്കാനിസത്തിന് കീഴില്‍ കൊണ്ടുവരാന്‍ 54-ാമത് ജിഎസ്ടി കൗണ്‍സില്‍ തീരുമാനമെടുത്തിരുന്നു. ഇത് പ്രകാരം വാടക കൈപ്പറ്റുന്ന കെട്ടിട ഉടമക്ക് രജിസ്‌ട്രേഷന്‍ ഇല്ലെങ്കിലും വ്യാപാരി വാടകക്കുമേല്‍ 18% ജിഎസ്ടി അടക്കണം. ഇന്‍വോയ്‌സും നികുതിയും എല്ലാം കെട്ടിട ഉടമയില്‍ നിന്നും വ്യാപാരിയിലേക്ക് കൈമാറ്റപ്പെടുന്ന അവസ്ഥയിലാണ് കാര്യങ്ങളെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം, ഇക്കാരണത്താല്‍ കേരളത്തിലെ 4 ലക്ഷത്തിനു മുകളില്‍ വരുന്ന ജിഎസ്ടി രജിസ്‌ട്രേഷന്‍ ഉള്ള വ്യാപാരികളെ ഇത് വലിയ രീതിയില്‍ ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് കുഞ്ഞാവു ഹാജി, സംസ്ഥാന ജനറല്‍ സെക്രട്ടറി ദേവസ്യ മേച്ചേരി, ട്രഷറര്‍ ദേവരാജന്‍ സീനിയര്‍ വൈസ് പ്രസിഡന്റ് കെ.വി. അബ്ദുല്‍ ഹമീദ് തുടങ്ങി സംസ്ഥാന ഭാരവാഹികളായ സി. ധനീഷ് ചന്ദ്രന്‍, വൈ. വിജയന്‍, എം.കെ. തോമസ് കുട്ടി, പി.സി. ജേക്കബ്, എ.ജെ. ഷാജഹാന്‍, കെ. അഹമ്മദ് ശരീഫ്, ബാബു കോട്ടയില്‍, സണ്ണി പൈമ്പിള്ളില്‍, ബാപ്പു ഹാജി, ജോജിന് ടി. ജോയ്, വി. സബില്‍ രാജ്, എ.ജെ. റിയാസ്, സലീം രാമനാട്ടുകര, വനിതാ വിങ് സംസ്ഥാന പ്രസിഡന്റ് ശ്രീജ ശിവദാസ് എന്നിവര്‍ മാര്‍ച്ചില്‍ പങ്കെടുത്തു.