കൊച്ചി: കോഴിക്കോട് നിന്ന് കൊച്ചിയിലേക്ക് വിനോദയാത്രയ്‌ക്കെത്തി ഭക്ഷ്യവിഷബാധയേറ്റ ഭിന്നശേഷി വിദ്യാര്‍ഥികളുടെ ആരോഗ്യനില തൃപ്തികരമായി. ഇന്നലെ രാത്രിയായിരുന്നു ഭിന്നശേഷി വിദ്യാര്‍ഥികളും രക്ഷിതാക്കളും ഉള്‍പ്പൈടുന്ന സംഘം ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ചികിത്സ തേടിയത്. കളമശ്ശേരിയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു ഇവരെ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചത്. മറൈന്‍ ഡ്രൈവില്‍ ബോട്ട് സവാരി നടത്തുന്നതിനിടെ ബോട്ടില്‍ നിന്ന് നല്‍കിയ ചോറില്‍ നിന്ന് ഭക്ഷ്യ വിഷബാധയേറ്റതെന്നാണ് സംശയം. അസ്വസ്ഥത അനുഭവപ്പെട്ടവരെയെല്ലാം ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
കോഴിക്കോട് കട്ടിപ്പാറ പഞ്ചായത്തിലുള്ള കാരുണ്യ തീരം സ്‌പെഷ്യല്‍ സ്‌കൂളില്‍ നിന്നും എറണാകുളത്തേക്ക് വിനോദയാത്രയ്ക്ക് വന്ന കുട്ടികളും രക്ഷിതാക്കളും കെയര്‍ടേക്കര്‍മാരുമാണ് ഭക്ഷ്യ വിഷബാധയേറ്റ് എറണാകുളം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയത്. 104 പേരടങ്ങിയ സംഘത്തിലെ 75 പേരാണ് രാത്രി പത്തരയോടെ ചികിത്സ തേടിയത്. ഇവരെ പ്രത്യേകം സജ്ജീകരിച്ച വാര്‍ഡിലാണ് പ്രവേശിപ്പിച്ചത്. വിവരമറിഞ്ഞ് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അടിയന്തര ചികിത്സാ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു.