പത്തനംതിട്ട: പത്തനംതിട്ട സിപിഐഎമ്മില്‍ നേതൃമാറ്റം. രാജു എബ്രഹാമിനെ സിപിഐഎം ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. മൂന്ന് ടേം പൂര്‍ത്തിയായ നിലവിലെ സെക്രട്ടറി കെ പി ഉദയഭാനുവിന്റെ ഒഴിവിലേക്കാണ് സംസ്ഥാന സമിതി അംഗമായ രാജു എബ്രഹാം എത്തുന്നത്. ജില്ലാ കമ്മിറ്റി പാനലില്‍ ആറ് പേരെ പുതുതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി ബി നിസ്സാം, ഇരവിപേരൂര്‍ ഏരിയ സെക്രട്ടറി ടി കെ സുരേഷ്‌കുമാര്‍ എന്നിവര്‍ പാനലില്‍ ഇടംനേടി. പി കെ എസ് ജില്ലാ സെക്രട്ടറി സി എം രാജേഷ്, കോഴഞ്ചേരി ഏരിയാ സെക്രട്ടറി ടി വി സ്റ്റാന്‍ലിന്‍, തിരുവല്ലാ മുന്‍ ഏരിയാ സെക്രട്ടറി ഫ്രാന്‍സിസ് വി ആന്റണി, മലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്ര മോഹന്‍ എന്നിവരും പാനലിലുണ്ട്. സമവായത്തിലൂടെയാണ് രാജു എബ്രഹാമിനെ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. രാജു എബ്രഹാമിനെ ജില്ലാ സെക്രട്ടറിയാക്കുന്നതിനെ ആരും എതിര്‍ത്തില്ല.
തിരുവല്ല ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്നും അച്ചടക്ക നടപടിയിലൂടെ നീക്കം ചെയ്യപ്പെട്ട ഫ്രാന്‍സിസ് വി ആന്റണി ജില്ലാ കമ്മിറ്റിയില്‍ ഉണ്ട്. ഫ്രാന്‍സിസിനെ ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തരുതെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് തിരുവല്ല ജില്ലാ സെക്രെട്ടറിയേറ്റിന്റെ ഭാഗത്ത് നിന്നടക്കം എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു എന്നാല്‍ അതൊന്നും വകവെക്കാതെയാണ് സംസ്ഥാന നേതൃത്വം ഫ്രാന്‍സിസ് വി ആന്റണിയെ വീണ്ടും കമ്മിറ്റിയിലേക്ക് തിരഞ്ഞെടുത്തിട്ടുള്ളത്.