തൃശൂർ: ₹40,000 മിനിമം വേതനം ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രി നഴ്സുമാർ ആരംഭിച്ച സമ്പൂർണ പണിമുടക്ക് സംസ്ഥാനത്തെ പല ജില്ലകളിലും ശക്തമായി തുടരുന്നു. ശമ്പള വർധനവുമായി ബന്ധപ്പെട്ട് നഴ്സുമാരുടെ സംഘടനയായ യുഎൻഎയുമായി ധാരണയിലെത്താത്ത എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലെ ആശുപത്രികളിലാണ് ഇപ്പോൾ സമരം ശക്തമായിരിക്കുന്നത്.
അതേസമയം, മറ്റു ജില്ലകളിലെ ഏകദേശം 200 ഓളം സ്വകാര്യ ആശുപത്രികൾ കൂടുതൽ വേതനം നൽകാമെന്ന് ഉറപ്പു നൽകിയതോടെ അവിടങ്ങളിലെ സമരം പിൻവലിച്ചു. അടിസ്ഥാന ശമ്പളം വർധിപ്പിച്ച് കരാറിൽ ഒപ്പുവെച്ച ആശുപത്രികളിൽ നഴ്സുമാർ വീണ്ടും ജോലിയിൽ പ്രവേശിക്കുകയും സമരം അവസാനിപ്പിക്കുകയും ചെയ്തു.
മിനിമം വേതനം വർധിപ്പിക്കുന്നതിനുള്ള കരട് വിജ്ഞാപനം നഴ്സുമാരുടെ സംഘടനയായ യുഎൻഎ ആദ്യം അംഗീകരിച്ചിരുന്നില്ല. എന്നാൽ ഇന്നലെ തൃശൂരിൽ ചില ആശുപത്രി മാനേജ്മെൻ്റുകളുമായി നടത്തിയ ചർച്ചകൾ വിജയകരമായതോടെ തൃശൂർ ദയ ഹോസ്പിറ്റൽ, സൺ മെഡിക്കൽ ഹോസ്പിറ്റൽ, മദർ ഹോസ്പിറ്റൽ, കൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ഹോസ്പിറ്റൽസ് ഗ്രൂപ്പ് എന്നിവിടങ്ങളിൽ സമരം അവസാനിപ്പിച്ചു. തുടർന്ന് നഴ്സുമാർ ജോലിയിലേക്ക് മടങ്ങി.
ഒത്തുതീർപ്പിന് തയ്യാറാകാത്ത ആശുപത്രികളിൽ അനിശ്ചിതകാല സമ്പൂർണ പണിമുടക്ക് ആരംഭിക്കാനായിരുന്നു നഴ്സുമാരുടെ തീരുമാനം. ആശുപത്രി മാനേജ്മെൻ്റുകളുടെ കൂട്ടായ്മയായ അസോസിയേഷൻ ഓഫ് ഹെൽത്ത്കെയർ പ്രൊവൈഡേഴ്സ് ഇന്ത്യയും യുഎൻഎയും തമ്മിൽ നടന്ന ചർച്ചകളുടെ അടിസ്ഥാനത്തിലാണ് ചില ആശുപത്രികളിൽ സമവായം ഉണ്ടായത്.