തിരുവനന്തപുരം: മെഡിക്കല് കോളേജിലെ പിജി ഡോക്ടര് ഷഹാനയുടെ ആത്മഹത്യയില് സുഹൃത്തായ ഡോ. റുവൈസിനെ പോലീസ് അറസ്റ്റ് ചെയ്തു. റുവൈസിനെ ഇന്ന് വൈകുന്നേരം കോടതിയില് ഹാജരാക്കും. ഷഹാനയുടെ സുഹൃത്തായ റുവൈസിനെ ബന്ധുവിന്റെ വീട്ടില് നിന്നാണ് ഇന്ന് രാവിലെ കസ്റ്റഡിയിലെടുത്തത്.
ഡോ. ഷഹ്നയെ വിവാഹം കഴിക്കാമെന്ന് റുവൈസ് വാഗ്ദാനം ചെയ്തിരുന്നു. എന്നാല് 150 പവനും 15 ഏക്കറും ഒരു ബിഎംഡബ്ല്യൂ കാറുമാണ് റുവൈസ് സ്ത്രീധനമായി ചോദിച്ചത്. തുടര്ന്ന് കല്യാണം മുടങ്ങിയതിനാല് ഷഹാന വിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കള് പോലീസിനോട് പറഞ്ഞിരുന്നു. ചോദിച്ച സ്ത്രീധനം കിട്ടില്ലെന്ന് കണ്ടപ്പോള് റുവൈസ് കല്ല്യാണത്തില് നിന്ന് പിന്മാറുകയായിരുന്നു. മണിക്കൂറുകള് നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.